മഴയാണ്, വെള്ളക്കെട്ടിലും തോട്ടിലും ചാടാന്‍ കുട്ടികളും യുവാക്കളും ആവേശം കാണിക്കുന്ന സമയം. എന്നാല്‍ കരുതണം, നീന്തല്‍ക്കുളത്തില്‍ ഡൈവ് ചെയ്ത് പൊടുന്നനെ മരണത്തിന് അടിയറവ് പറയേണ്ടി വന്ന ഷേര്‍നിഖ് മിലിന്ത് ടക്കാലെ എന്ന ഇരുപത്തഞ്ചുകാരന്‍റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
മഹാരാഷ്ട്ര സിന്ദൂബര്‍ഗ് ജില്ലയില്‍ നിന്ന് യുവാവ് കുളത്തില്‍ ചാടുന്നതും പരുക്കേല്‍ക്കുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ജൂണ്‍ 20നായിരുന്നു സംഭവം. ഒന്‍പതുപേരടങ്ങുന്ന സുഹൃത്തുക്കള്‍ റിസോര്‍ട്ടില്‍ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. റിസോര്‍ട്ടില്‍ എത്തിയതോടെ നീന്തല്‍ക്കുളം കണ്ട യുവാക്കള്‍ കുളത്തില്‍ ചാടാന്‍ തീരുമാനിച്ചു. എന്നാല്‍ കുറച്ചുപേര്‍ റൂമില്‍ തങ്ങാനും തീരുമാനിച്ചു. ഇതിനിടെ കുളത്തിലെത്തിയ സംഘം കുളത്തില്‍ ചാടാന്‍ തീരുമാനിച്ചു. എന്നാല്‍ കുട്ടികള്‍ക്ക് മാത്രം എന്ന നിലയില്‍ നിബന്ധന വച്ച കുളത്തിലാണ് സംഘമിറങ്ങിയത്. നാലോ അഞ്ചോ അടി മാത്രം താഴ്ചയുള്ള കുളമായിരുന്നു ഇത്.
നെഞ്ചോളം താഴ്ചയുള്ള വെള്ളത്തില്‍ യുവാക്കള്‍ നില്‍ക്കുന്നത് കാണാം. ഇതിനിടെ ഷേര്‍നിഖ് തൊട്ടടുത്ത വെയര്‍ഹൗസിന്‍റെ മുകളില്‍ കയറി നൃത്തം ചെയ്യുകയും കുളത്തിലേക്ക് ഡൈവ് ചെയ്യുകയുമായിരുന്നു. എന്നാല്‍ വെള്ളത്തില്‍ ഷേര്‍നിഖ് മുങ്ങുമ്പാള്‍ ആര്‍ത്തുവിളിക്കുന്ന കൂട്ടുകാര്‍ വീണ്ടും പരസ്പരം സംസാരത്തിലും കളികളിലും മുഴുകി. എന്നാല്‍ മുങ്ങിയ ഷേര്‍നിഖ് കുളത്തില്‍ നിന്ന് ചലനമറ്റാണ് പൊങ്ങിയത്. ഇത് കണ്ട സുഹൃത്തുക്കള്‍ അലറിവിളിക്കുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നുത്.
ഡൈവില്‍ കുളത്തിനടിയില്‍ ഷേര്‍നിഖിന്‍റെ തലയിടിക്കുകയും തലയോട്ടി വെട്ടി പൊളിയുകയുമായിരുന്നു. യുവാവിനെ സുഹൃത്തുകള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപകടത്തില്‍ തന്നെ യുവാവ് മരിച്ചിരുന്നു. സംഭവത്തില്‍ അപകടമരണത്തിന് കേസെടുത്ത പൊലീസ്, പോസ്റ്റ്‍മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ശരീരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.