ക്ഷേത്രോല്‍വസത്തില്‍ നൃത്തം ചെയ്തതിന്‍റെ പേരില്‍ ഭാര്യയേയും മക്കളെയും കോടാലികൊണ്ട് വെട്ടിക്കൊന്ന് യുവാവ് ട്രെയിനിന് മുന്നില്‍ ചാടിയ വാര്‍ത്തയാണ് മധ്യപ്രദേശ് മൊറാനയില്‍ നിന്ന് പുറത്തുവരുന്നത്. ബല്‍റാം കുശ്വേശാ എന്ന യുവാവാണ് ഭാര്യ രവിത കുശ്വേശാ രണ്ട് ആണ്‍മക്കള്‍ എന്നിവരെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.
പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് ഗ്രാമക്ഷേത്രത്തില്‍ ഉല്‍സവമായിരുന്നു. ഇതിനിടെ ക്ഷേത്രത്തില്‍ അവതരിപ്പിച്ച ഭാഗവത് കഥ എന്ന നൃത്തനാടക പരിപാടിയില്‍ രവിത പങ്കെടുക്കുകയായിരുന്നു. എന്നാല്‍ രവിത പരിപാടിയില്‍ നൃത്തം ചെയ്തത് ബല്‍റാമിന് ഇഷ്ടപ്പെട്ടില്ല. ഏറെ നാളായി ഇരു ദമ്പതികളും തുടര്‍ച്ചയായി വഴക്കിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പരിപാടിക്ക് ശേഷം വീട്ടിലെത്തിയ രവിതയെ ബല്‍റാം വീട്ടില്‍ നിന്ന് ഇറക്കിവിടുകയും സ്വന്തം വീട്ടില്‍ പോയി നില്‍ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജൂണ്‍ 17ന് രവിത സ്വന്തം വീട്ടില്‍ എത്തി. എന്നാല്‍ വഴക്ക് തീര്‍ക്കാനായി ബല്‍റാമിന്‍റെ ബന്ധുക്കള്‍ എത്തുകയും രവിതയുടെ പിതാവിനെ സമ്മതിപ്പിച്ച് രവിതയെ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു.
എന്നാല്‍ രവിത വീട്ടിലെത്തിയതോടെ ബല്‍റാം രവിതയോട് അനാവശ്യമായി കുപിതനാകാന്‍ തുടങ്ങി. തുടര്‍ന്ന് 27ന് വീട്ടില്‍ നിന്നും ഒച്ചയും അനക്കവും കേള്‍ക്കാതിരുന്നതോടെ അയല്‍ക്കാര്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന രവിതയുടെയും കുട്ടികളുടെയും ശരീരം കണ്ടത്.
ഉടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ തൊട്ടടുത്ത റെയില്‍വേ ട്രാക്കില്‍ നിന്നും ഒരു യുവാവിന്‍റെ മൃതദേഹം കിട്ടിയെന്ന് പൊലീസിന് മറ്റൊരു സന്ദേശമെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് ബല്‍റാമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലും ബന്ധുക്കളുടെ മൊഴിയില്‍ നിന്നും ബല്‍റാം കൊല നടത്തി ജീവനൊടുക്കിയത് തന്നെയാണെന്ന് പൊലീസ് സ്ഥീരീകരിച്ചു.