king-wife-shooting

രാജകുടുംബത്തിലെ തര്‍ക്കം എന്നെല്ലാം കേട്ടിട്ടുണ്ടാകുക ചരിത്രപുസ്തകത്തിലെ സിനിമയിലോ പുസ്തകങ്ങളിലോ എല്ലാമായിരിക്കും. എന്നാല്‍ ലൈവായി ഒരു രാജകുടുംബത്തിലെ തര്‍ക്കം നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ കേരളത്തിലല്ല, അങ്ങ് മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ നഗോഡ് രാജകുടുംബത്തിലാണ് തര്‍ക്കം നടക്കുന്നത്. രാജകുടുംബത്തിലെ പ്രധാന കണ്ണികളിലൊരാളുടെ രണ്ടാം ഭാര്യയെ ഒന്നാം ഭാര്യ വെടിവച്ചു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 

രൂപേന്ദ്ര സിങ് അഥവ ബാബ രാജ രാജകുടുംബത്തിലെ പ്രധാന അംഗങ്ങളിലൊരാളാണ്. ബാബാ രാജയ്ക്ക് രണ്ട് ഭാര്യമാരാണുള്ളത് സുനിത സിങ്ങും യോഗിതാ സിങ്ങും. ഇരുവരും തമ്മില്‍ കാലങ്ങളായി വഴക്കുണ്ടായിരുന്നു. എന്നാല്‍ വഴക്ക് തീര്‍ക്കാനായി യോഗിതാ സിങ്ങ് തന്‍റെ ബന്ധുക്കളുമായി രണ്ട് ദിവസം മുന്നെ കൊട്ടാരത്തിലെത്തിയിരുന്നു. 

എന്നാല്‍ ചര്‍ച്ച നടക്കുന്നതിനിടെ സുനിത സിങ്ങ് കുപിതയാകുകയും തന്‍റെ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് യോഗിതയ്ക്കെതിരെ പലതവണ വെടിയുതിര്‍ക്കുകയായിരുന്നു.  എന്നാല്‍ ചെറിയ ഉണ്ട ഉള്ള 22 ബോര്‍ വച്ചാണ് വെടിവച്ചത്. വയറിന് വെടിയേറ്റ യോഗിതയെ ആശുപത്രിയിലെത്തിച്ചു. മുറിവ് ചെറുതായിരുന്നെങ്കിലും ഏറെ ചോര വാര്‍ന്നിരുന്നു. 

തുടര്‍ന്ന് യോഗിതയുടെ ശരീരത്തില്‍ നിന്നും ഉണ്ട നീക്കം ചെയ്തു. നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് യോഗിത. പിന്നാലെ പൊലീസ് സുനിതയെ വന്‍ സന്നാഹങ്ങളുമായെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 

ENGLISH SUMMARY:

Nagod royal family dispute is a shocking incident where one wife shot the other in Madhya Pradesh's Satna district. This live royal family conflict, involving Sunita Singh and Yogita Singh, has become a major news story.