up-murder

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ മദ്യപന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ടുകൊന്നകേസില്‍ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശിലെ ബറെയ്‍ലി ജില്ലയില്‍ ഏപ്രില്‍ 26നാണ് സംഭവം. അന്വേഷണസംഘം പ്രതിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. 

ബിഹാറില്‍ പള്ളിയിലെ മുക്രിയായി ജോലി ചെയ്യുകയായിരുന്നു മൗലാനാ തൗസീഫ് റാസ എന്ന യുവാവ്. യുപി ബറൈലിയില്‍ ഒരു മത ആഘോഷ ചടങ്ങിന് പങ്കെടുത്ത് ബിഹാറിലേക്ക് മടങ്ങുകയായിരുന്നു റാസ. ജനറല്‍ ടിക്കറ്റെടുത്ത് സ്ലീപ്പറില്‍ കയറിയായിരുന്നു റാസയുടെ യാത്ര. 

എന്നാല്‍ യാത്രാമധ്യേ മദ്യപിച്ച് ലക്കുകെട്ട ഒരാള്‍ റാസ തന്‍റെ ഫോണ്‍ മോഷ്ടിച്ചെന്നും ഉടന്‍ തിരിച്ചുതരണമെന്നും ഉറക്കെ വിളിച്ചുപറഞ്ഞു. എന്നാല്‍ മദ്യപന്‍റെ കയ്യില്‍ തന്നെ അയാളുടെ ഫോണുണ്ടായിരുന്നു. ഇത് റാസ ചൂണ്ടിക്കാണിച്ച് കൊടുത്തു. എന്നാല്‍ തന്‍റെ ഫോണ്‍ തനിക്ക് തിരിച്ച് തരണമെന്ന് വീണ്ടും മദ്യപന്‍ ആക്രോശിച്ചു. 

ആക്രോശം കയ്യേറ്റമായപ്പോള്‍ റാസ കംപാര്‍ട്ടുമെന്‍റില്‍ നിന്നും മറ്റൊരു കംപാര്‍ട്ട്മെന്‍റിലേക്ക് മാറി. എന്നാല്‍ മദ്യപന്‍ ഇയാളെ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് റാസയെ ഇയാള്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു.

ട്രെയിനില്‍ നിന്ന് ഒരാള്‍ വീണെന്ന പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ്  നടത്തിയ അന്വേഷണത്തിനൊടുവില്‍  റാസയുടെ മൃതശരീരം  ട്രാക്കില്‍  കണ്ടെത്തി. ഇതൊരു കൊലപാതകമാണെന്ന് പൊലീസിന് ട്രെയിനില്‍ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മനസിലായി. മൂന്നൂറോളെ പേരെ ചോദ്യം ചെയ്തതില്‍ നിന്നും റാസയും മദ്യപനും തമ്മിലുള്ള തര്‍ക്കം ചില യുവാക്കള്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്ന് അറിയാന്‍ സാധിച്ചു. തുടര്‍ന്ന് യുവാക്കളെ കണ്ടെത്തി ദൃശ്യങ്ങള്‍ ശേഖരിച്ചു.  ഈ ദൃശ്യങ്ങള്‍ റെയില്‍വേ പ്ലാറ്റ്ഫോമുകളിലെ സിസിടിവി ദൃശ്യങ്ങളുമായി താരതമ്യം ചെയ്തതില്‍ നിന്ന്  പങ്കജ് രജപുത് ആണ് കൊലയാളിയെന്ന് പൊലീസിന് ബോധ്യപ്പെട്ടു. പിന്നാലെ പങ്കജിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇയാള്‍  കുറ്റം സമ്മതിച്ചു. 

ENGLISH SUMMARY:

A youth was pushed off a train in Uttar Pradesh after being falsely accused of mobile phone theft by a drunk man. The investigation team arrested the accused, Pankaj Rajput, who confessed to the crime.