tn-oath

‌‌‌‌വിവാദം കെട്ടടങ്ങും മുന്‍പ് രണ്ടാഴ്ചയ്ക്കിടെ രണ്ടാമതും ഔദ്യോഗിക പരിപാടിയില്‍ ‘തമിഴ് തായ് വാഴ്ത്ത്’ മൂന്നാമത് പാടി തമിഴ്നാട്ടില്‍ വിവാദം. വ്യാഴാഴ്ച വിജയ്‌യുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിൽ 23 എം.എൽ.എമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും തമിഴ് ഗാനം അവസാനമാണ് ആലപിച്ചത്. ഇതാണ് വീണ്ടും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. 

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ തമിഴ്നാടിന്‍റെ സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' അവസാനമായി ആലപിച്ചത് വലിയ വിവാദത്തിന് കാരണമായിരുന്നു. ദേശീയ ഗീതമായ വന്ദേമാതരം ആദ്യവും രണ്ടാമതായി ദേശീയ ഗാനമായ ജനഗണമനയും ആലപിച്ചശേഷമായിരുന്നു ചടങ്ങില്‍ തമിഴ് തായ് വാഴ്ത്ത് പാടിയത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഈ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് സഖ്യകക്ഷികൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാരിന്‍റെ എല്ലാ ഔദ്യോഗിക പരിപാടികളിലും തമിഴ് ഗാനം ആദ്യം തന്നെ ആലപിക്കുമെന്ന് വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) ഉറപ്പ് നൽകിയതുമാണ്. കേന്ദ്ര സര്‍ക്കാരന്‍റെ പുതിയ സർക്കുലർ കാരണമാണ് തമിഴ് ഗാനം മൂന്നാമതായി പ്ലേ ചെയ്യേണ്ടി വന്നതെന്നാണ് ടി.വി.കെ വ്യക്തമാക്കിയത്. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെയാണ് എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തമിഴ് നാടിന്‍റെ സംസ്ഥാന ഗാനം മൂന്നാമതായത്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇങ്ങനെ സംഭവിക്കുന്നത്. 

രാജ്ഭവനാണ് ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചതെന്നും അതുകൊണ്ടാണ് തമിഴ് ഗീതം അവസാനം പാടിയതെന്നുമാണ് ടിവികെ നേതാവ് നാഞ്ചില്‍ സമ്പത്തിന്‍റെ വിശദീകരണം. ഇതിൽ തമിഴ്‌നാട് സർക്കാരിന് യാതൊരു പങ്കുമില്ലെന്നും നിയമസഭയിൽ തമിഴ് ഗീതമായിരിക്കും ആദ്യം പാടുക എന്നും അദ്ദേഹം വിവാദത്തോട് പ്രതികരിച്ചു. അതേസമയം പുതിയ സർക്കാർ വീണ്ടും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ കക്ഷിയായ ഡിഎംകെ ആരോപിച്ചു. ‘കഴിഞ്ഞ തവണ ഉറപ്പ് നൽകിയിട്ടും ടിവികെ വീണ്ടും പരാജയപ്പെട്ടിരിക്കുന്നു. തമിഴ് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല’ എന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ എക്സിൽ കുറിച്ചു. ഇത് നിലവിലെ കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്ന് സഖ്യകക്ഷിയായ സിപിഐയുടെ സെക്രട്ടറി എം വീരപാണ്ഡ്യനും പ്രതികരിച്ചു. തമിഴ്ഗീതം അവസാനം ആലപിച്ചതിനെ ‘അനീതി’യെന്ന് കോണ്‍ഗ്രസും വിശേഷിപ്പിച്ചു.

ദേശീയ ഗീതമായ വന്ദേമാതരത്തിന്‍റെ 150–ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരത്തിന്‍റെ പൂര്‍ണരൂപം ആലപിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര മന്താലയം പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാരന്‍റെ ചടങ്ങുകളിൽ വന്ദേമാതരം ഉൾപ്പെടുത്തുന്നതിനെ മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (MDMK) ജനറൽ സെക്രട്ടറി വൈകോ ശക്തമായി എതിർത്തു. ഗവർണർ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ 'വന്ദേമാതരം' വീണ്ടും വീണ്ടും കൊണ്ടുവരികയും എല്ലായിടത്തും അടിച്ചേൽപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും തമിഴ്‌നാട് സർക്കാർ സംഘടിപ്പിക്കുന്ന ഒരു ചടങ്ങിലും വന്ദേമാതരത്തിന് സ്ഥാനം നൽകരുതെന്ന് തങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും വൈകോ പറഞ്ഞു. സംസ്ഥാന സർക്കാർ ചടങ്ങുകളിൽ ആദ്യം തമിഴ് ഗീതവും തുടർന്ന് ദേശീയഗാനമായ ജനഗണമനയും ആലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി കോൺഗ്രസിന്‍റെ രണ്ട് എംഎൽഎമാർ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് തമിഴ്‌നാട് മന്ത്രിസഭയുടെ ഭാഗമായി.

   

Tamil Thai Vaazhthu Controversy Erupts Again in Tamil Nadu:

The Tamil Thai Vaazhthu controversy is reigniting in Tamil Nadu after the state song was sung last for the second time in two weeks at an official event. This has led to widespread protests and criticism from opposition parties and coalition allies, questioning the government's commitment to protecting Tamil people's rights and upholding established protocols