TAGS

മൈസൂരില്‍ പൊതുയിടങ്ങളില്‍ ആളുകള്‍ മൂത്രമൊഴിക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടതിന് പിന്നാലെ വേറിട്ട പരീക്ഷണവുമായി മൈസൂരു സിറ്റി കോര്‍പ്പറേഷന്‍. ആളുകള്‍ സ്ഥിരമായി മൂത്രമൊഴിച്ചുകൊണ്ടിരുന്ന തിരക്കേറിയ റോഡിലെ ഭിത്തിയിൽ സ്റ്റീൽ റിഫ്ലക്ടീവ് പാനലുകൾ സ്ഥാപിച്ചാണ് പുതിയ പരീക്ഷണം. അതായത് മൂത്രമൊഴിക്കാന്‍ ചെന്നുനിന്നാല്‍ ഇനി സ്വന്തം മുഖം കാണും. എത്രപേര്‍ കണ്ണാടിയില്‍ നോക്കി മൂത്രമൊഴിക്കുമെന്ന് ഇനി കണ്ടറിയാം.

മൈസൂരു സബർബൻ ബസ് സ്റ്റാൻഡിന് സമീപമാണ് പുതിയ പരീക്ഷണം. 80 മീറ്റർ ഭിത്തിയിലാണ് കണ്ണാടി പോലുള്ള സ്റ്റെയിൻലെസ് സ്റ്റീൽ പാനലുകൾ ഉറപ്പിച്ചത്. ചുമരിനടുത്ത് നിൽക്കുന്ന ആരെയും വഴിയാത്രക്കാർക്ക് വ്യക്തമായി കാണാൻ കഴിയുന്ന തരത്തിലാണ് സംഭവം. ഇനി രാത്രിയായാല്‍ കാഴ്ചയ്ക്കായി പാനലുകൾക്ക് ചുറ്റും എൽഇഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. തെരുവുവിളക്കുകളോടൊപ്പം ഈ ലൈറ്റുകളും ഓട്ടോമാറ്റിക്കായി ഓണാകും. 9.5 ലക്ഷം രൂപ ചെലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്.

ഇതിലൂടെ മൂത്രമൊഴിക്കാൻ വരുന്നവർ അവരെത്തന്നെ കണ്ണാടിയിൽ പ്രതിഫലിക്കുന്നത് കണ്ട് ലജ്ജയോടെ പിൻവാങ്ങുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേരാണ് പുതിയ ആശയത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ഭിത്തികളില്‍ കണ്ണാടി സ്ഥാപിക്കുന്നതിന്‍റെ വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെ നിരന്തരമുള്ള പരാതിയായിരുന്നു പ്രദേശത്തെ ശുചിത്വം. തുറസ്സായ സ്ഥലത്ത് മൂത്രമൊഴിക്കുന്നത് ഇവിടെ പതിവായിരുന്നു. ബസ് സ്റ്റാൻഡിന് സമീപമായതിനാലും പ്രധാന റോഡായതിനാലും നിരവധി ആളുകള്‍ എത്തുന്നയിടമാണ് ഇത്. അതേസമയം, ചിലർ കൂടുതൽ സുസ്ഥിരമായ പരിഹാരമായി പൊതു ശൗചാലയങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ പൊതു ശൗചാലയങ്ങളുടെ എണ്ണം കുറവാണെന്നും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് പ്രശ്നത്തിന് കാരണമെന്നും ചിലര്‍ വാദിക്കുന്നു. ഏറ്റവും അടുത്തുള്ള പൊതു ശൗചാലയമാകട്ടെ ബസ് സ്റ്റാൻഡിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.

ENGLISH SUMMARY:

In a unique attempt to curb public urination, the Mysuru City Corporation has installed large steel mirrors on walls near the Suburban Bus Stand. Officials believe that seeing their own reflection will cause embarrassment to individuals, prompting them to refrain from urinating in public spaces. While the innovative idea has gone viral and received praise on social media, it has also sparked a debate regarding the city's infrastructure. Many citizens pointed out that the lack of accessible public toilets is the root cause of the issue, as the nearest facility is located inside the bus stand. Experts suggest that while such behavioral interventions are interesting, the long-term solution lies in increasing the number of well-maintained public restrooms across the city.