മുംബൈയില്‍ കഴിഞ്ഞ ആഴ്ച നാലു പേരുടെ മരണത്തിന് കാരണം തണ്ണിമത്തനില്‍ നിന്നുള്ള അണുബാധയല്ലെന്ന് റിപ്പോര്‍ട്ട്. മരിച്ചവരുടെ ആന്തരികാവയവങ്ങള്‍ പച്ചനിറത്തിലായിരുന്നുവെന്നും ഇത് വിഷാംശം ഉള്ളിൽ ചെന്നിരിക്കാമെന്നുമാണ് പുറത്തുവരുന്ന സൂചനകൾ. മൊബൈല്‍ കട നടത്തുന്ന അബ്ദുള്ള ദൊകാഡിയ (45), ഭാര്യ നസീം (35) മക്കളായ സിനാബ് (13), അയീഷ (16) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച കുടുംബം ബന്ധുക്കള്‍ക്കായി അത്താഴ വിരുന്ന് നടത്തിയിരുന്നു. വിരുന്നുകാര്‍ മടങ്ങിയ ശേഷം പുലര്‍ച്ചെ ഒരു മണിയോടെ കുടുംബം തണ്ണിമത്തന്‍ കഴിക്കുകയും അഞ്ചു മണിയോടെ അസ്വസ്ഥതകളുണ്ടാവുകയും ചെയ്തു. ഛര്‍ദ്ദിയും വയറിളക്കവും അടക്കം ഭക്ഷ്യവിഷബാധയുടെ സമാന ലക്ഷണങ്ങളാണ് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ നാലു പേരും മരിക്കുകയും ചെയ്തു.
പ്രാഥമിക ഫോറൻസിക് പരിശോധനയിൽ ഇരകളുടെ തലച്ചോറ്, ഹൃദയം, കുടൽ എന്നിവയുൾപ്പെടെ ചില അവയവങ്ങൾ പച്ച നിറമായതായാണ് വിവരം. ഇവര്‍ക്കുണ്ടായ ലക്ഷണങ്ങള്‍ ഭക്ഷ്യവിഷബാധയുടെതല്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാരും വ്യക്തമാക്കി. മരിച്ച അബ്ദുള്ളയുടെ ശരീരത്തില്‍ വേദന സംഹാരിയായ മോര്‍ഫിന്‍ കണ്ടെത്തിയിട്ടുണ്ട്. വളരെ നിയന്ത്രിതമായി മാത്രം ഉപയോഗിക്കുന്ന ഈ മരുന്ന് ചികിത്സയുടെ ഭാഗമായി നല്‍കിയതാണോ അതോ മറ്റെന്തെങ്കിലും അസ്വഭാവിക കാരണങ്ങളുണ്ടോ എന്ന കാര്യം അന്വേഷണ പരിധിയിലണ്.
മരണങ്ങള്‍ക്ക് തണ്ണിമത്തനുമായി നേരിട്ട് ബന്ധമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ കഴിഞ്ഞ ആഴ്ച അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിരുന്നിനെത്തിയ കുടുംബാംഗങ്ങളുടെ അടക്കം മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.