ഓൺലൈനായി 299 രൂപയ്ക്ക് വസ്ത്രം വാങ്ങാൻ ശ്രമിച്ച നഴ്‌സിന് ഒരു ലക്ഷം രൂപ നഷ്ടമായി. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പിനിരയായത്. ''ഓണ്‍ലൈന്‍ ഓഫര്‍; ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ വെറും 299 രൂപയ്ക്ക്'' എന്ന് ഫേസ്ബുക്കില്‍ പരസ്യം കണ്ട് ആകൃഷ്ടയായാണ് യുവതി വസ്ത്രം ഓര്‍ഡര്‍ ചെയ്തത്.
പരസ്യത്തില്‍ കൊടുത്തിരുന്ന വാട്സാപ്പ് നമ്പറില്‍ യുവതി വസ്ത്രം ഓര്‍ഡര്‍ ചെയ്തു. തട്ടിപ്പുകാർ ആദ്യം വസ്ത്രത്തിന്‍റെ വിലയായി 299 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് പലതവണയായി കുടുതല്‍ തുക ആവശ്യപ്പെട്ടു. ഷിപ്പിങ് ചാർജ്, ജിപിഎസ് ചാര്‍ജ്, ട്രാക്കിങ് ഫീസ്, വെരിഫിക്കേഷൻ കോഡുകൾ, വിലാസം സ്ഥിരീകരിക്കൽ തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് പണം വാങ്ങിയത്. ചോദിക്കുമ്പോള്‍ ഈ പണമെല്ലാം റീഫണ്ടായി തിരികെ നല്‍കും എന്നാണത്രേ തട്ടിപ്പുകാര്‍ പറഞ്ഞത്.
ഏപ്രിൽ 16 നും 20 നുമിടയില്‍ അഞ്ച് ദിവസങ്ങളിലായി തന്‍റെ പക്കല്‍നിന്ന് ഒരു ലക്ഷം രൂപ തട്ടിപ്പുകാര്‍ വാങ്ങിയെന്നാണ് നഴ്സിന്‍റെ പരാതി. പണത്തിന്റെ ഭൂരിഭാഗവും തിരികെ ലഭിക്കുമെന്നും ഓർഡർ ഉടന്‍ ഡെലിവറി ചെയ്യുമെന്നും തട്ടിപ്പുകാർ ആവർത്തിച്ച് ഉറപ്പ് നൽകിയിരുന്നതായും നഴ്‌സ് പൊലീസിനോട് പറഞ്ഞു.
ഓര്‍ഡര്‍ ചെയ്ത വസ്ത്രവും നല്‍കിയ പണവും ദിവസങ്ങള്‍ കഴിഞ്ഞിട്ടും കിട്ടാതെവന്നപ്പോഴാണ് യുവതി താൻ കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ പരാതി നൽകുകയായിരുന്നു. ദേവ്നാർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.