Image Crdit: ANI

റെഡി ടു മിക്സ് കോണ്‍ക്രീറ്റ് ലോഡുമായി പോയ ട്രക്ക് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് വീണ് ആന്ധ്ര ഹൈക്കോടതിയിലെ  അഭിഭാഷകന്‍ മരിച്ചു. മുതിര്‍ന്ന അഭിഭാഷകനായ ബി.ശ്രീനിവാസ റാവുവാണ് മരിച്ചത്. ഹൈദരാബാദ്–വിജയവാഡ ഹൈവേയില്‍ കീസര ടോള്‍ പ്ലാസയ്ക്കടുത്താണ് അപകടമുണ്ടായത്. ട്രക്ക് വീണതോടെ ആഡംബര കാര്‍ പൂര്‍ണമായും തകര്‍ന്നു.

വൈകുന്നേരം 4.20 ഓടെയാണ് അപകടമുണ്ടായത്. ടോള്‍ പ്ലാസയ്ക്കടുത്ത് വച്ച് ട്രക്കിന് നിയന്ത്രണം നഷ്ടമായി. ഇതോടെ ട്രക്ക് ശ്രീനിവാസ റാവുവിന്‍റെ കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. അമരാവതിയില്‍ നടന്ന ബാര്‍ കൗണ്‍സില്‍ ഇലക്ഷനില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങവേയാണ് റാവു അപകടത്തില്‍പ്പെട്ടത്. ചതഞ്ഞു പോയ കാറിനുള്ളില്‍ നിന്നും മണ്ണുമാന്തിയന്ത്രം കൊണ്ടുവന്നാണ് ശ്രീനിവാസ റാവുവിനെ പുറത്തെടുത്തത്. തല്‍ക്ഷണം മരിച്ചിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിട്ടുണ്ട്. അപകടത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും അശ്രദ്ധയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും വിജയവാഡ പൊലീസ് കമ്മിഷണര്‍ എസ്.വി.രാജശേഖര ബാബു പറഞ്ഞു.

അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബ്രേക്ക് പൊട്ടിപ്പോയതോടെയാണ് ട്രക്കിന് നിയന്ത്രണം നഷ്ടമായതെന്നും ഈ സമയത്താണ് ശ്രീനിവാസ റാവുവിന്‍റെ കാര്‍ ടോള്‍ പ്ലാസ കടന്നതെന്നും പൊലീസ് പറയുന്നു. ലോഡുള്ള വാഹനമായിരുന്നതിനാലാണ് അപകടത്തിന്‍റെ തീവ്രത ഇത്രയധികം വര്‍ധിച്ചതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. അപകടമുണ്ടായ ഉടന്‍ ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ ഓടിയെത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ക്രെയിനുള്‍പ്പടെ സ്ഥലത്തെത്തിച്ചാണ് ടാങ്കര്‍ കാറിന് മുകളില്‍ നിന്ന് മാറ്റിയത്. അപകടത്തെ തുടര്‍ന്ന് കുറച്ച് നേരത്തേക്ക് ഈ ഭാഗത്തെ ഗതാഗതം സ്തംഭിച്ചിരുന്നു.

ENGLISH SUMMARY:

A senior advocate of the Andhra Pradesh High Court lost his life in a horrific accident on the Hyderabad-Vijayawada highway. B. Srinivasa Rao was traveling in his BMW when a ready-mix concrete truck overturned directly onto his vehicle. The incident occurred near the Keesara toll plaza around 4:20 PM as the lawyer was returning from an election. Local authorities reported that the truck lost control, possibly due to a brake failure, crushing the luxury car completely. Rescue teams used cranes and earthmovers to extract the victim from the mangled remains of the car. Police have registered a case and are reviewing CCTV footage to determine the exact cause of this tragedy.