Image Credit: Instagram
ആകാശയാത്രകള്‍ സഞ്ചാരികളെ മോഹിപ്പിക്കുന്നതാണ്. അല്‍പം സാഹസികര്‍ കൂടിയാണെങ്കില്‍ പറയുകയും വേണ്ട. പ്രശസ്ത പാരാഗ്ലൈഡിങ് കേന്ദ്രമായ ബിര്‍ ബില്ലിങില്‍ പാരാഗ്ലൈഡിങ് നടത്തിയ കണ്ടന്‍റ് ക്രിയേറ്റര്‍ ഖുഷി സിങാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. 'ഞാന്‍ പാരാഗ്ലൈഡിങിന് പോയി, ചത്തുജീവിച്ച സ്ഥിതിയിലായി' എന്നാണ് ഖുഷി കുറിച്ചത്. ബിര്‍ ബില്ലിങിലെ 8,000 അടി ഉയരത്തില്‍ നിന്നും ചാടിയ അനുഭവമാണ് ഖുഷി പറയുന്നത്.
ഉയരം തന്നെ എക്കാലവും പേടിപ്പെടുത്തിയിരുന്നുവെന്നും രണ്ടാം നിലയില്‍ നിന്ന് പോലും താഴേക്ക് നോക്കാന്‍ ഭയന്നിരുന്നുവെന്നും ഖുഷി പറയുന്നു. പുതുവര്‍ഷത്തെ തീരുമാനമെന്ന നിലയിലാണ് ആ പേടി മറി കടക്കാന്‍ ഖുഷി തീരുമാനിച്ചത്. ഇതിനായി ബിര്‍ ബില്ലിങിലെ പാരാഗ്ലൈഡിങ് കേന്ദ്രത്തില്‍ ബുക്ക് ചെയ്തു. ഭയം മാറി പുതിയ ആളായി മടങ്ങി വരുമെന്ന് ഖുഷി കരുതിയെങ്കിലും വിചാരിച്ചതിന് വിപരീതമായാണ് എല്ലാം സംഭവിച്ചത്.
ചാടി നിമിഷങ്ങള്‍ക്കുള്ളില്‍ മൂക്കില്‍ നിന്നും ചോരയൊലിക്കുന്ന ഖുഷിയുടെ ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. എങ്ങനെയാണ് അപകടമുണ്ടായതെന്ന് ഖുഷി കൃത്യമായി പറയുന്നില്ല. 'ഞാന്‍ ചാടി, പക്ഷേ ദൈവത്തിന് വേറെ ചില പ്ലാനുകള്‍ ഉണ്ടായിരുന്നു' എന്നാണ് അവര്‍ പറയുന്നത്.
അപകടകാരണം പറയാതെയുള്ള ഖുഷിയുടെ വിഡിയോ അമ്പരപ്പും ആശങ്കയും സംശയവും ആളുകളില്‍ ജനിപ്പിച്ചിട്ടുണ്ട്. എത്രയും വേഗം സുഖമാവട്ടെ എന്ന് പലരും ആശംസിച്ചു. എന്നാല്‍ സൂര്യനെ കാണുന്നില്ലെങ്കില്‍ ആ ദിവസം പാരാഗ്ലൈഡിങ് നടത്തരുതെന്നാണ് ചിലര്‍ കുറിച്ചത്. അത് പാരാഗ്ലൈഡിങിലെ പ്രാഥമിക പാഠമാണെന്നും ആളുകള്‍ ഓര്‍മിപ്പിക്കുന്നു. കാലാവസ്ഥ വിലയിരുത്താതെയാണോ പാരാഗ്ലൈഡിങിന് ഇറങ്ങിയതെന്ന ചോദ്യവും ആളുകള്‍ ഉയര്‍ത്തുന്നു. ഈ ആഴ്ച മുഴുവന്‍ പാരാഗ്ലൈഡിങിന് വിലക്കുണ്ട്. തെറ്റായ സമയമാണ് തിരഞ്ഞെടുത്തതെന്നും കമന്‍റുകളുണ്ട്. പാരാഗ്ലൈഡിങിന് പോയിട്ട് ടേക്ക് ഓഫിനിടെ രണ്ടുവട്ടം മലയില്‍ ഇടിച്ചിട്ടുണ്ടെന്നും റിസ്ക് കൂടുന്നതനുസരിച്ച് ത്രില്ലും കൂടുമെന്നും ഒരാള്‍ കമന്‍റ് ചെയ്തു.
അതേസമയം, പാരാഗ്ലൈഡിങിനായി ഖുഷി ഉപയോഗിച്ച ഹെല്‍മറ്റ് ബൈക്കിന്‍റെ ഹെല്‍മെറ്റാണെന്നും പാരാഗ്ലൈഡര്‍ക്കുള്ളതല്ലെന്നും പാരാഗ്ലൈഡിങ് പൈലറ്റുമാരില്‍ ഒരാള്‍ ചൂണ്ടിക്കാട്ടി. കൃത്യമായ ഉപകരണങ്ങള്‍ ഇത്തരം സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഉപയോഗിക്കണമെന്നും 20 വര്‍ഷത്തോളം പാരാഗ്ലൈഡിങ് നടത്തി പരിചയമുള്ള അദ്ദേഹം വ്യക്തമാക്കി. ലോകത്തിലേക്കും മനോഹരമായ പാരാഗ്ലൈഡിങ് സ്പോട്ടുകളിലൊന്നാണ് ബിര്‍ ബില്ലിങ്. ഹിമാലയത്തിന്‍റെ ഭംഗിയും ഉയരത്തില്‍ നിന്നുള്ള ചാട്ടവും പ്രദേശത്തിന്‍റെ മനോഹാരിതയുമെല്ലാം ബിര്‍ ബില്ലിങിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.