AI Image
സ്ത്രീധനമായി 30 ലക്ഷം രൂപയോ അല്ലെങ്കില്‍ വൃക്കകളിലൊന്നോ നല്‍കാന്‍ ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചുവെന്ന് യുവതിയുടെ നടുക്കുന്ന വെളിപ്പെടുത്തല്‍. ഉത്തര്‍പ്രദേശിലെ കാണ്‍പുറിലാണ് ഞെട്ടിക്കുന്ന സംഭവം. സ്ത്രീധന പീഡനത്തിലും വഞ്ചനയിലും പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
ലക്നൗ സ്വദേശിയായ നിഷാന്ത് കുമാറിനെ കഴിഞ്ഞ ജൂണ്‍ 22നാണ് യുവതി വിവാഹം കഴിച്ചത്. സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമെ എട്ടുലക്ഷം രൂപയും ഥാറും സ്ത്രീധനമായി യുവതിയുടെ വീട്ടുകാര്‍ നല്‍കി. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് താന്‍ ചതിക്കപ്പെട്ടതായി യുവതി മനസിലാക്കിയത്.
ലൈംഗികബന്ധത്തിന് ഭര്‍ത്താവിന് താല്‍പര്യമുണ്ടായിരുന്നില്ലെന്നും മിക്കവാറും ദിവസങ്ങളില്‍ ഭര്‍ത്താവിന്‍റെ അമ്മ തങ്ങള്‍ക്കിടയില്‍ കയറി കിടന്ന് ഉറങ്ങുമെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഭര്‍തൃപിതാവ് മുറിയിലേക്ക് ഇടിച്ച് കയറുന്നുവെന്നും അനുവാദമില്ലാതെ തന്‍റെ ചിത്രങ്ങള്‍ പകര്‍ത്തുന്നുവെന്നും യുവതി പറയുന്നു. ഇക്കാര്യം ഭര്‍ത്താവിനോട് പറയുകയും തന്നോട് താല്‍പര്യമില്ലാത്തതിനെ കുറിച്ച് ചോദിക്കുകയും ചെയ്തതോടെ മറ്റാരെയെങ്കിലും വിവാഹം കഴിക്കൂവെന്നായിരുന്നു മറുപടി.
ദിവസവും 10 ഗുളികയെങ്കിലും കുറഞ്ഞത് നിഷാന്ത് കഴിക്കുന്നുണ്ടെന്നും ഇത് ഹൈപ്പര്‍ടെന്‍ഷന്‍റേതാണെന്നാണ് ഭര്‍തൃവീട്ടുകാര്‍ തന്നെ വിശ്വസിപ്പിച്ചിരുന്നതെന്നും പരാതിയിലുണ്ട്. തുടര്‍ന്നാണ് ഭര്‍ത്താവ് മറ്റൊരു യുവതിയുമായി പ്രണയത്തിലായിരുന്നുവെന്ന് യുവതി മനസിലാക്കി. സഹികെട്ട് ഭര്‍തൃസഹോദരിയോട് കാര്യങ്ങള്‍ പറഞ്ഞുവെന്നും പിന്നീടാണ് ഭര്‍ത്താവ് തനിക്കൊപ്പം കിടന്നുറങ്ങാന്‍ തുടങ്ങിയതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
വളരെ വൈകിയാണ് ഭര്‍ത്താവ് 2022 മുതല്‍ വൃക്കരോഗിയാണെന്ന് വ്യക്തമാക്കുന്ന ആശുപത്രി രേഖകള്‍ കണ്ടെത്തിയത് എന്ന് യുവതി പറയുന്നു. അതിന്‍റെ മരുന്നുകളാണ് വീട്ടുകാര്‍ നല്‍കി വന്നിരുന്നത്. രണ്ട് വൃക്കകളും പ്രവര്‍ത്തിക്കുന്നില്ലെന്നും ഡയലിസിസിലാണ് മുന്നോട്ട് പോയിരുന്നതെന്നും യുവതി മനസിലാക്കി. ഇക്കാര്യം ചോദിച്ചപ്പോളാണ് അമ്മായിയമ്മ വൃക്ക ആവശ്യപ്പെട്ടതെന്നും അല്ലെങ്കില്‍ സ്വന്തം വീട്ടില്‍ പോയി 30 ലക്ഷം രൂപ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടത്. നിവൃത്തികെട്ട യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.