ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് തമിഴകവും. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. അതിനിടെ കൊളത്തൂരിലെ പ്രചാരണത്തില്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് ടിവികെ അധ്യക്ഷന്‍ വിജയ്ക്കെതിരെ കേസെടുത്തു.
വൈകിട്ട് അഞ്ചിന് തിരുവാരൂരില്‍ നിന്നാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുക. തുടര്‍ന്ന് മുഖ്യമന്ത്രി സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രചാരണം നടത്തും. അടുത്തമാസം 21ന് സ്റ്റാലിന്‍റെ മണ്ഡലമായ കൊളത്തൂരില്‍ പ്രചാരണം സമാപിക്കും. തിരുവാരൂരിലേക്കുള്ള യാത്രയ്ക്കിടെ തഞ്ചാവൂരില്‍ വച്ച് മുഖ്യമന്ത്രിയുടെ വാഹനം ഇലക്ഷന്‍ ഫ്ലൈയിങ് സ്ക്വാഡ് പരിശോധിച്ചു. കൊളത്തൂരിലെ പ്രചാരണത്തില്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിനാണ് വിജയ്ക്കെതിരെ കേസ്. തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് പെരവല്ലൂര്‍ പൊലീസ് അഞ്ച് വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി, ഗതാഗതം സ്തംഭിപ്പിച്ചു, ആംബുലന്‍സുള്‍പ്പടെ കടന്ന് പോകുന്നത് തടസപ്പെടുത്തി തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.
ഇന്നലെ പൊലീസ് സുരക്ഷ ഒരുക്കിയില്ലെന്ന് കാണിച്ച് ടിവികെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. പ്രചാരണം തുടരുന്ന എഐഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി കടുത്ത ഭാഷയിലാണ് ഡിഎംകെയെ വിമര്‍ശിച്ചത്. ഡിഎംകെ ഈ തിരഞ്ഞെടുപ്പിനെ തമിഴ്നാടും ഡല്‍ഹിയും തമ്മിലുള്ള പോരാട്ടമെന്ന് വിശേഷിപ്പിക്കുന്നത് മുന്‍പുണ്ടായിരുന്ന അണ്ണാ ഡിഎംകെ ഭരണത്തില്‍ ഒരു കുറ്റം പോലും കണ്ടുപിടിക്കാനില്ലാത്തത് കൊണ്ടാണ്. ബിജെപിയുമായുള്ള സഖ്യം ചൂണ്ടിക്കാട്ടി അണ്ണാ ഡിഎംകെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് വരുത്തി തീര്‍ക്കാനും ഡിഎംകെ ശ്രമിക്കുന്നുവെന്ന് എടപ്പാടി കുറ്റപ്പെടുത്തി.