പീഡനക്കേസിൽ അറസ്റ്റിലായ നാസിക്കിലെ ‘ആൾദൈവം’ അശോക് കുമാർ ഖരാട്ടിനെതിരെ പരാതി അറിയിക്കാൻ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം നൽകിയ ഫോൺ നമ്പറുകളിലേക്ക് എത്തിയതു നൂറിലേറെ കോളുകൾ. പീഡനം, സാമ്പത്തികത്തട്ടിപ്പ്, ഭീഷണി തുടങ്ങിയ ആരോപണങ്ങളാണു വിളിച്ചവരിലേറെയും ഉന്നയിച്ചിട്ടുള്ളത്. വിളിച്ചതിൽ 15 പേർ സ്ത്രീകളാണെന്നും തട്ടിപ്പിനിരയായവരുടെ ബന്ധുക്കളും പരാതി അറിയിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

 

150 ലേറെ സ്ത്രീകള്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) പറയുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൂടുതൽ സ്ത്രീകൾ പ്രതിയുടെ ചൂഷണത്തിനിരയായതിന്റെ തെളിവുകൾ ലഭിച്ചത്. അശോക് കുമാർ ഖരാട്ട് ഒന്നിലേറെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി എസ്ഐടി കണ്ടെത്തി. ഉന്നതരെയും സ്ത്രീകളെയും ബന്ധപ്പെടാനായി വ്യത്യസ്ത ഫോണുകളായിരുന്നു ഇയാൾ ഉപയോഗിച്ചുവന്നിരുന്നത്. ചില സ്ത്രീകളെ ശീതളപാനീയത്തിലും പലഹാരത്തിലും മയക്കുമരുന്ന് കലർത്തിനൽകിയ ശേഷമാണ് ഉപദ്രവിച്ചതെന്നും പോലീസ് പറഞ്ഞു. ചിലരെ ഭീഷണിപ്പെടുത്തിയും മറ്റുചിലരെ ഹിപ്‌നോട്ടിസംചെയ്തു ഉപദ്രവിച്ചു.

 

അശോക് ഖരാത്തിനെതിരേ പീഡനപരാതി നൽകിയ സ്ത്രീയെ ബോധരഹിതയാക്കിയശേഷമാണ് ലൈംഗികമായി ഉപദ്രവിച്ചതെന്ന് പൊലീസ് പറയുന്നു. ജ്യോത്സ്യനെ കാണാനെത്തിയപ്പൾ ഉപ്പുരസമുള്ള കയ്പുള്ള ഒരു വെള്ളം കുടിക്കാൻ നൽകിയെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇത് കുടിച്ചതോടെ ബോധരഹിതയായെന്നും തുടർന്നാണ് അശോക് ഖരാത്ത് ലൈംഗികമായി ഉപദ്രവിച്ചതെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഖരാത്ത് തന്നെ കാണാനെത്തുന്ന സ്ത്രീകൾക്ക് കുടിക്കാൻ നൽകിയ വെള്ളം എന്താണെന്ന് സംബന്ധിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ENGLISH SUMMARY:

Malayala Manorama Online News reports on a fake godman in Nashik, Ashok Kumar Kharat, accused of sexually assaulting over 150 women. Investigations reveal he drugged, hypnotized, and threatened victims after they consumed a special drink given to them.