ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനുകളില്‍, പ്രത്യേകിച്ചും തിരക്കേറിയ ട്രെയിനുകളില്‍ വാതില്‍ പടികളിലും മറ്റും ആളുകള്‍ അപകട യാത്ര നടത്തുന്നത് പുതുമയുള്ള കാര്യമല്ല. പലപ്പോളായി ഇത്തരം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. ജനറല്‍ കോച്ചുകളിലെ തിരക്കും ലക്ഷ്യ സ്ഥാനത്തെത്താനുള്ള വെപ്രാളവുമാണ് പലരേയും ഈ അപകട യാത്രയ്ക്ക് നിര്‍ബന്ധിതരാക്കുന്നത്. അത്തരത്തില്‍ ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അങ്ങേയറ്റം അപകടകരമായ ഒരു യാത്ര...

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയില്‍ തിരക്കേറിയ കോച്ചിനുള്ളിൽ സ്ഥലം കണ്ടെത്താൻ കഴിയാതെ വന്നതോടെ കമ്പാർട്ടുമെന്റിന്റെ അടച്ചിട്ട വാതിലിന് പുറത്ത് ചവിട്ടുപടിയില്‍ നിന്ന് യാത്ര ചെയ്യുന്ന രണ്ട് യുവാക്കളെ കാണാം. വീഴാതിരിക്കാൻ അവര്‍ ഒരു തുണിക്കഷണം ഉപയോഗിച്ച് വാതിലിന് ഇരുവശത്തുമുള്ള രണ്ട് ഹാന്‍ഡിലുകളില്‍ കെട്ടിയിട്ടുണ്ട്. ഒടുവില്‍ റെയിൽവേ ജീവനക്കാരും പൊലീസുകാരനും ചേര്‍ന്ന് അവരെ ഈ അപകടയാത്രയില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. 

വിഡിയോ ഓണ്‍ലൈനില്‍ വ്യാപകമായ പ്രതിഷേധത്തിനും വിമര്‍‌ശനത്തിനും കാരണമായി. യാത്രക്കാരുടെ സുരക്ഷയും കോച്ചുകളിലെ തിക്കും തിരക്കും സംബന്ധിച്ച ആശങ്കകൾ സംഭവം വീണ്ടും ഉയർത്തുന്നു. ഇത്തരം അപകടകരമായ യാത്രകളിലേക്ക് ആളുകളെ തള്ളിവിടുന്ന സാഹചര്യങ്ങളെ നിരവധി പേര്‍ വിമര്‍ശിച്ചു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാകാൻ ആഗ്രഹിക്കുന്ന ഒരു രാജ്യത്ത് ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെയുണ്ടാകുന്നുവെന്ന് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ദാരിദ്ര്യം കൊണ്ട് അവരുടെ ജീവൻ അപകടത്തിലാവരുതെന്ന് മറ്റൊരാളും കുറിച്ചു.

അതേസമയം, റെയിൽവേ സംവിധാനത്തിലെ പോരായ്മകളെയാണ് മറ്റുചിലര്‍ എടുത്തുകാണിക്കുന്നത്. കൂടുതല്‍ യാത്രക്കാരുള്ള റൂട്ടുകളില്‍ ജനറൽ കോച്ചുകളുടെയും ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ഒരു ഉപയോക്താവ് നിർദ്ദേശിച്ചു. റെയിൽവേ ശൃംഖലയിൽ വിശാലമായ പുനഃസംഘടന വേണമെന്നും ജനസാന്ദ്രത കൂടിയ റൂട്ടുകള്‍ക്ക് മുൻഗണന നൽകണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, ഇത്തരം അപകടകരമായ യാത്രകള്‍ യാത്രക്കാര്‍ തന്നെ സ്വമേധയാ ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ഒരു യാത്രയും സ്വന്തം ജീവന്‍ അപകടത്തിലാക്കിയിട്ട് ആകരുതെന്നും ജീവനോളം പ്രാധാന്യം ഒരു യാത്രയ്ക്കുമില്ലെന്നും സോഷ്യല്‍മീ‍ഡിയയില്‍ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ അതില്‍ ഉൾപ്പെട്ടിരിക്കുന്നവർക്ക് മാത്രമല്ല, സഹയാത്രികർക്കും അപകടമുണ്ടാക്കുമെന്ന് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടുന്നു.

ENGLISH SUMMARY:

A shocking video of two young men traveling on the footboard of a crowded Indian Railways coach by tying themselves to door handles with a cloth has gone viral. The incident highlights the severe overcrowding in general compartments and the lack of adequate train services on busy routes. While railway police intervened to stop the dangerous act, netizens are criticizing the system and urging for a major overhaul of the rail network to ensure passenger safety.