മണിപ്പുരില്‍ കഴിഞ്ഞമാസം സംഘര്‍ഷമുണ്ടായ ഉക്രുലില്‍ നിന്നുള്ള ദൃശ്യം (ഫോട്ടോ: ജോസ് കുട്ടി പനയ്ക്കല്‍, മലയാള മനോരമ)
ചെറിയ ഇടവേളയ്ക്കുശേഷം മണിപ്പൂരില്‍ വീണ്ടും അക്രമം. കുക്കി സോ കൗൺസിൽ ചെയര്‍മാന്‍ എച്ച്.താങ്‍ലെറ്റിന്‍റെ വീടിനുനേരെ ഇന്നലെ രാത്രി ആള്‍ക്കൂട്ടം ആക്രമണം നടത്തി. താങ്‍ലെറ്റിന്‍റെ വീട്ടിൽ തീവ്രവാദികളെ ഒളിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് യുവാക്കളുടെ നേതൃത്വത്തിലായിരുന്നു ചുരാചന്ദ്പൂരിലെ പ്രതിഷേധം. പ്രക്ഷോഭകര്‍ വീട്ടില്‍ കടന്നുകയറാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർവാതകം പ്രയോഗിച്ചു. എന്നിട്ടും നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ആകാശത്തേക്ക് വെടിയുതിർത്താണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ചുരാചന്ദ്പൂരിന് പുറമേ തുയിബോംഗ് മേഖലയിലും പ്രതിഷേധക്കാർ ടയറുകൾ കത്തിച്ച് റോഡ് ഉപരോധിച്ചു.
മണിപ്പുര്‍ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് ഇംഫാലിലെ മിനുംതോങ്ങില്‍ ഇഫ്താര്‍ കൂട്ടായ്മയില്‍ പങ്കെടുക്കുന്നു (ഫൊട്ടോ: പിടിഐ)
മറ്റൊരു നിർണ്ണായക നീക്കത്തിൽ, മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്ന് നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് – കെയുടെ (Koireng) 14 കേഡർമാരെ പോലീസ് അറസ്റ്റ് ചെയ്തു. നോങ്‌പോക് സെക്മായി പോലീസ് സ്റ്റേഷൻ പരിധിയിലെ ഹാവോഖോങ് മേഖലയിൽ നിന്നാണ് ഇവരെ പിടികൂടിയത്. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ ഇത്രയേറെ തീവ്രവാദികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് സുരക്ഷാ സേനയ്ക്ക് വലിയ നേട്ടമായി.
അറസ്റ്റിലായവരിൽ നിന്ന് വന്‍ ആയുധശേഖരം പിടിച്ചെടുത്തു. രണ്ട് ഇൻസാസ് (INSAS) റൈഫിളുകൾ, എട്ട് എൽ.എം.ജി മാഗസിനുകൾ, അഞ്ച് റൈഫിൾ മാഗസിനുകൾ, നൂറോളം വെടിയുണ്ടകൾ എന്നിവയ്ക്ക് പുറമെ ഒരു ലക്ഷം രൂപയും അഞ്ച് ഹെൽമറ്റുകളും ഇവരിൽ നിന്ന് കണ്ടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് സംഘർഷ സാധ്യതയുള്ള ഇടങ്ങളിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.