Image Credit:x/themaritimenet

Image Credit:x/themaritimenet

സംശയാസ്പദമായ സാഹചര്യത്തില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് സമീപത്ത് കണ്ടതിനെതുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്ത ഇറാന്‍ കപ്പലുകള്‍ നടത്തിയത് അതിദുരൂഹ സഞ്ചാരമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അസ്ഫാള്‍ട്ട് സ്റ്റാര്‍, അല്‍ ജഫ്സിയ, സ്റ്റെല്ലര്‍ റൂബി എന്നീ  ഇന്ധനക്കപ്പലുകള്‍ പിടിച്ചടുത്തത്.  ഇതില്‍ അസ്ഫാള്‍ട്ട് സ്റ്റാര്‍ എന്ന കപ്പല്‍ ജനുവരി 20 മുതല്‍ 28 വരെ പാക്കിസ്ഥാന്‍റെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലായിരുന്നുവെന്നാണ് വാര്‍ത്തകള്‍. ജനുവരി 28ന് കപ്പലിലെ ഓട്ടോമാറ്റിക് ഐഡന്‍റിഫിക്കേഷന്‍ സിസ്റ്റം, വിഎച്ച്എഫ് റേഡിയോ തുടങ്ങി എല്ലാ സെന്‍സറുകളും നീണ്ട 11 മണിക്കൂര്‍ നേരത്തേക്ക് ഓഫായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മനപ്പൂര്‍വമായി ഇവ ഓഫാക്കിയതാണെന്നും അനധികൃത ഇടപാടുകള്‍ക്കായാകും ഇത്തരത്തില്‍ ചെയ്തിട്ടുണ്ടാകുക എന്നുമാണ് അനുമാനം. 

എംടി അസ്ഫാള്‍ട്ട് സ്റ്റാര്‍ എന്ന കപ്പല്‍ ഫെബ്രുവരി നാലിനാണ് അറബിക്കടലില്‍ കണ്ടെത്തിയത്. കപ്പലുമായി ബന്ധപ്പെട്ടുവെങ്കിലും കൃത്യമായ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഫെബ്രുവരി അഞ്ചിന് പുലര്‍ച്ചെയോടെ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ പിടിച്ചെടുത്തു. കര്‍ണാടകയിലെ മംഗലാപുരത്ത് നിന്നുള്ളവരാണെന്നാണ് കപ്പല്‍ ജീവനക്കാര്‍ ആദ്യം അവകാശപ്പെട്ടത്. എന്നാല്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ പരിശോധനയില്‍ തെറ്റായ വിവരങ്ങള്‍ കപ്പല്‍ പങ്കുവച്ചതായി ശ്രദ്ധയില്‍പ്പെട്ടു. മതിയായ രേഖകളില്ലെന്നും മാലിയില്‍ നിന്നുള്ള താല്‍കാലിക റജിസ്ട്രേഷന്‍ മാത്രമാണ് ജീവനക്കാരുടെ പക്കലുള്ളതെന്നും കണ്ടെത്തി. ഇതോടെയാണ് എംടി അല്‍ ജഫ്സിയയിലേക്കും എംടി സ്റ്റെല്ലര്‍ റൂബിയിലേക്കും അന്വേഷണം നീണ്ടത്. ഇതോടെയാണ് ഇന്ധനക്കടത്ത് നടത്തുന്നതിനടക്കം കപ്പല്‍ ഉപയോഗിക്കുന്ന വിവരവും സ്ഥിരീകരിച്ചത്. 

30 മെട്രിക് ടണ്‍ എണ്ണയാണ് അല്‍ ജഫ്സിയയിലേക്ക് കപ്പലില്‍ നിന്ന് മാറ്റിയത്. 5473 മെട്രിക് ടണ്‍ VG-40 ബിറ്റുമിന്‍ സ്റ്റെല്ലര്‍ റൂബിയിലേക്കും മാറ്റി. കപ്പലുകളുടെ യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവച്ചായിരുന്നു ഈ കൈമാറ്റമത്രയും നടത്തിയത്. കൃത്രിമ രേഖ ചമച്ചാണ് സ്റ്റെല്ലര്‍ റൂബിയെന്ന കപ്പല്‍ കര്‍വാര്‍ തുറമുഖത്ത് പ്രവേശിച്ചതെന്നും അല്‍ ജഫ്സിയയും വ്യാജരേഖ ഉപയോഗിച്ചാണ് ഗുജറാത്തിലെ അലാങില്‍ കടന്നതെന്നും കണ്ടെത്തി.

ദുരൂഹ ഇടപാടുകളില്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ പരാതിയെ തുടര്‍ന്ന് മുംബൈ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കപ്പലിലെ ജീവനക്കാര്‍, എന്‍ജിനീയര്‍മാര്‍, മാസ്റ്റേഴ്സ്, ഉടമകള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കുറ്റകരമായ ഗൂഢാലോചന, കള്ളക്കടത്ത്, വ്യാജരേഖ ചമയ്ക്കല്‍, കസ്റ്റംസ്, ഐടി, ഷിപ്പിങ്, പെട്രോളിയം നിയമങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

അതേസമയം, കപ്പലുകള്‍ ഇറാന്‍റേതല്ലെന്നും ബന്ധമില്ലെന്നുമായിരുന്നു ഇറാന്‍റെ ഔദ്യോഗിക പ്രതികരണം. നാഷനല്‍ ഇറാനിയന്‍ ഓയില്‍ കമ്പനിയാണ് കപ്പലുകളുമായി ബന്ധമില്ലെന്ന് അറിയിച്ചത്. അമേരിക്കന്‍ ഉപരോധം നിലവിലുള്ള കപ്പലുകളാണിത്. അതുകൊണ്ട് തന്നെ പേരും രാജ്യത്തിന്‍റെ പതാകകളും ഉടമസ്ഥാവകാശവും അടിക്കടി മാറ്റിയാണ് ഇവ ഉപയോഗിച്ച് പോരുന്നത്. സമഗ്രാന്വേഷണത്തിന്‍റെ ഭാഗമായി മുംൈബയിലാണ് നിലവില്‍ മൂന്ന് കപ്പലുകളുമുള്ളത്.

ENGLISH SUMMARY:

The Iranian oil tankers recently seized by the Indian Coast Guard were involved in a highly suspicious journey, including an eight-day stay in Pakistan's Exclusive Economic Zone. National media reports reveal that on January 28, 2026, the vessel MT Asphalt Star intentionally turned off its Automatic Identification System (AIS) and VHF radio for 11 hours to conduct unauthorized activities. Investigations suggest that these vessels used forged documents and frequently changed flags to bypass US sanctions. One ship entered Karwar port using fake records, while another reached Alang, Gujarat, with similar discrepancies. The Mumbai Police have registered cases against the crew, masters, and owners for criminal conspiracy, smuggling, and forgery. Currently, all three vessels are stationed in Mumbai for a high-level probe involving customs and maritime security agencies.