രാജസ്ഥാനിലെ ഖര്‍കഡിയില്‍ ആക്രമിച്ച പുലിയെ മഴു കൊണ്ട് വെട്ടിക്കൊന്ന് കര്‍ഷകന്‍. രാവിലെ കോട്‌പുട്‌ലി–ബെറോഡ് ജില്ലയിലെ നാരായണന്‍പൂരിനടുത്താണ് സംഭവം. പുലിയുടെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റ കര്‍ഷകന്‍ ആല്‍വാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ആടുകള്‍ക്ക് തീറ്റ കൊടുക്കാനുള്ള ഇല പറിക്കാന്‍ പാടത്തേക്ക് പോയതാണ് നാല്‍പ്പത്തെട്ടുകാരനായ ശ്രാവണ്‍ ഗുര്‍ജര്‍. ഇലകള്‍ ശേഖരിക്കുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന പുള്ളിപ്പുലി ശ്രാവണിന്‍റെ നേര്‍ക്ക് കുതിച്ചുചാടി. പുലിയുടെ നഖം കൊണ്ടും കടിയേറ്റും സാരമായി പരുക്കേറ്റെങ്കിലും ശ്രാവണ്‍ പതറിയില്ല. കമ്പുവെട്ടാന്‍ കയ്യില്‍ കരുതിയ മഴു ഉപയോഗിച്ച് കിട്ടിയ തക്കത്തിന് പുലിയെ തിരിച്ചാക്രമിച്ചു. തലയില്‍ വെട്ടേറ്റ പുലി നിലത്തുവീണു. നിലവിളി കേട്ട് ഓടിയെത്തിയ ഗ്രാമീണര്‍ ശ്രാവണെ വേഗം ആശുപത്രിയിലെത്തിച്ചു.

പുലിയുടെ ശരീരം സമീപത്തെ വനംവകുപ്പ് ഓഫിസിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ളവയ്ക്കുശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് ഫോറസ്റ്റര്‍ മനോജ് നാഗ അറിയിച്ചു. പുലിയുടെ അവശിഷ്ടങ്ങള്‍ നടപടിക്രമം അനുസരിച്ച് സൂക്ഷിക്കും. സംഭവത്തെക്കുറിച്ച് വനംവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

1972ലെ വന്യജീവി നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട സംരക്ഷിതജീവിയാണ് പുള്ളിപ്പുലി. ഇതിനെ കൊല്ലുന്നത് മൂന്നുമുതല്‍ ഏഴുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്. എന്നാല്‍ ഇതേനിയമത്തിലെ 11(2) വകുപ്പനുസരിച്ച് സ്വയരക്ഷയ്ക്കായി വന്യജീവിയെ കൊല്ലുന്നതോ പരുക്കേല്‍പ്പിക്കുന്നതോ ശിക്ഷാര്‍ഹമല്ല. ശ്രാവണ്‍ ഗുര്‍ജര്‍ സ്വയരക്ഷാര്‍ഥമാണ് പുലിയെ തിരിച്ചാക്രമിച്ചത്. അതുകൊണ്ടുതന്നെ നിയമപ്രകാരം കേസെടുത്താലും ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടാനാണ് സാധ്യത.