മുസ്‌ലിം യുവതിയുമായി പ്രണയമെന്ന് ആരോപിച്ച് യുവാവിന് ക്രൂരമര്‍ദനം. കര്‍ണാടകയിലെ കൊപ്പാല്‍ ജില്ലയിലാണ് വെങ്കടേഷ് എന്ന യുവാവിനു നേരെ ആക്രമണമുണ്ടായത്. യുവതിയ്ക്കും മക്കള്‍ക്കുമൊപ്പം വെങ്കടേഷിനു കണ്ടതോടെ ഇവര്‍ തമ്മില്‍ പ്രണയമാണെന്ന് ആരോപിച്ചാണ് ഒരു സംഘം മുസ്‌ലിം യുവാക്കള്‍ കൂട്ടംകൂടി മര്‍ദിച്ചത്.
ബസപട്ടണ ഗ്രാമത്തിലെ ദമ്പതികളായ അസ്മീറും ആഫിയയും വെങ്കടേഷിന്‍റെ സുഹൃത്തുക്കളാണ്. ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ആഫിയ വീടുവിട്ടിറങ്ങിയെന്നും പ്രശ്നം പരിഹരിക്കാനായി സുഹൃത്തും അയല്‍ക്കാരനുമായ വെങ്കടേഷിനെ അസ്മീര്‍ സമീപിച്ചെന്നും പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് വെങ്കടേഷ് ആസിയയെ കാണാനായി ബസ് സ്റ്റാന്‍ഡിലെത്തിയത്. സ്വന്തം വീട്ടിലേക്ക് പോകാനാണ് ആസിയയും മക്കളും വീടുവിട്ടിറിങ്ങിയിരുന്നത്. എന്നാല്‍ ആസമയത്താണ് ഒരു കൂട്ടം മുസ്‌ലിം യുവാക്കള്‍ ഇവരെ ഒന്നിച്ചു കാണുന്നത്. ഇതോടെ വെങ്കടേഷിന് ആസിയയുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിച്ച് സംഘം മര്‍ദിക്കാനാരംഭിച്ചു.
അതേസമയം വെങ്കടേഷ് നാട്ടുകാരനാണെന്ന് ആസിയയും അവിടെ കൂടിനിന്ന നാട്ടുകാരും പലതവണ പറഞ്ഞിട്ടും സംഘം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥലത്ത് പൊലീസെത്തി പ്രതികള്‍ക്കെതിരെ കേസെടുത്തു. ആസിയയും അസ്മീറും വെങ്കടേഷും വര്‍ഷങ്ങളായി അറിയാവുന്നവരാണെന്നും പൊലീസ് സ്ഥിരീകരിച്ചു. അതേസമയം മര്‍ദിച്ച പ്രതികള്‍ക്കൊപ്പമുള്ളവര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തെത്തി പ്രതിഷേധിച്ചതായും കൗണ്ടര്‍ പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പൊലീസിനു നേരെയും കടുത്ത പ്രതിഷേധമുണ്ടായതായാണ് സൂചന.