AI Generated Image

TOPICS COVERED

ജാതി ചോദിച്ചെത്തിയ സംഘത്തില്‍ നിന്നും രക്ഷപ്പെടാന്‍ പീറ്റ്സാ ഷോപ്പിന്റെ രണ്ടാംനിലയില്‍ നിന്നും യുവാവും യുവതിയും ചാടിയതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ ജില്ലയിലാണ് സംഭവം. വീഴ്ച്ചയില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ പ്രവര്‍ത്തിച്ച പീറ്റ്സാ ഷോപ്പില്‍ നിന്നാണ് സ്വയരക്ഷക്കായി യുവതിയും യുവാവും ചാടിയത്. കാന്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബറേലി മോര്‍ഹിനു സമീപത്തുവച്ച് ശനിയാഴ്ച്ചയാണ് സംഭവം.  ഇരുവരും നൂഡില്‍സ് ഓര്‍ഡര്‍ ചെയ്ത് ഇരിക്കുന്നതിനിടെയാണ് ഒരു സംഘമെത്തി ചോദ്യം ചെയ്തത്. 

21കാരനായ യുവാവിനോടും 19കാരിയായ യുവതിയോടും സംഘം ജാതി ചോദിച്ചു. തങ്ങള്‍ ഹിന്ദുമതസ്ഥരാണെന്ന് ഇരുവരും മറുപടി പറഞ്ഞു. ഇതിനു പിന്നാലെ സംഘം ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താനാരംഭിച്ചു. തുടര്‍ന്നാണ് ആദ്യം യുവാവും പിന്നാലെ യുവതിയും കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയത്. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചതായി എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു. നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എസ്പി പറയുന്നു.  

ENGLISH SUMMARY:

Caste harassment led to a young couple jumping from a pizza shop in Uttar Pradesh. Seriously injured, they are hospitalized while police investigate the incident near Bareilly Morhin.