Image: വിഡിയോയില്‍ നിന്നുള്ള ചിത്രം
ബെംഗളൂരുവില്‍ പ്രഭാത നടത്തത്തിനിടെ കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് യുവതി. വസ്ത്രത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും ചില കുട്ടികള്‍ നടത്തിയ കമന്‍റുകള്‍ അസഹ്യമായിരുന്നന്ന് വ്യക്തമാക്കി റിതിക സൂര്യവംശിയെന്ന യുവതിയാണ് വിഡിയോ പങ്കുവച്ചത്.
അവളഹള്ളി വനമേഖലയ്ക്ക് സമീപത്തുകൂടി നടക്കുമ്പോഴാണ് കുട്ടികളുടെ ഭാഗത്തുനിന്നും അശ്ലീല പദപ്രയോഗങ്ങള്‍ കേട്ടതെന്ന് റിതിക പറയുന്നു. വ്യായാമത്തിന്റെ ഭാഗമായി അഞ്ച് കിലോമീറ്റര്‍ ഓടിയ ശേഷം മടങ്ങുമ്പോഴാണ് സംഭവം. 10നും 13നും ഇടയില്‍ പ്രായം തോന്നിക്കുന്ന മൂന്ന് കുട്ടികളാണ് വളരെ മോശം പദപ്രയോഗങ്ങള്‍ നടത്തിയത്. എതിര്‍ദിശയില്‍ നിന്നും വന്ന ഇവര്‍ തന്നെനോക്കി ചിരിക്കുകയും മോശം കമന്റുകള്‍ നടത്തുകയും ചെയ്തു. കന്നഡ ഭാഷ തനിക്ക് അത്ര വശമില്ലെങ്കിലും കാര്യങ്ങള്‍ കേട്ടാല്‍ മനസിലാകുമെന്നും റിതിക പറയുന്നു.
ആദ്യം താനവരെ കുട്ടികളാണെന്ന പേരില്‍ അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് അസഹ്യമായതോടെ പ്രതികരിക്കാന്‍ തുടങ്ങി. നല്ല പെരുമാറ്റം പഠിക്കണമെന്നും നല്ല വാക്കുകള്‍ സംസാരിക്കണമെന്നും കുട്ടികളോട് ദേഷ്യത്തോടെ പറഞ്ഞെങ്കിലും അവര്‍ക്ക് യാതൊരു കുലുക്കവും ഉണ്ടായിരുന്നില്ലെന്നും റിതിക പറയുന്നു. തന്‍റെ വസ്ത്രത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമുള്ള പ്രതികരണങ്ങളാണ് വന്നത്. ജോഗിങ്ങിന് ഉപയോഗിക്കുന്ന മാന്യമായ വസ്ത്രമാണ് താന്‍ ധരിച്ചതെന്നും റിതിക വിഡിയോയില്‍ പറയുന്നു.
ഇത്രയും ചെറിയ കുട്ടികള്‍ എങ്ങനെയാണ് ഈ രീതിയില്‍ മോശമായി സംസാരിക്കുന്നതെന്ന യുവതിയുടെ ചോദ്യവും വിഡിയോയും സോഷ്യല്‍മീഡിയയിലും ശ്രദ്ധിക്കപ്പെട്ടു. തികഞ്ഞ ഉത്തരവാദിത്തത്തോടെയും മര്യാദയോടെയും കുഞ്ഞുങ്ങളെ വളര്‍ത്താത്തതിന്‍റ പ്രശ്നമാണിതെന്ന് സോഷ്യല്‍മീഡിയ പ്രതികരിച്ചു.