Image: X
കൊറിയന്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം കാണിച്ച വിമാനത്താവള ജീവനക്കാരന്‍ പിടിയില്‍. ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിലെ ജീവനക്കാരനാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം.
ജനുവരി 19ന് കൊറിയയിലേക്കുള്ള യാത്രയ്ക്കായാണ് യുവതി വിമാനത്താവളത്തിലെത്തിയത്. ഇമിഗ്രേഷന്‍ പരിശോധനയ്ക്കു ശേഷം ടെര്‍മിനലിലെത്തിയ സമയത്താണ് മുഹമ്മദ് അഫാന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ജീവനക്കാരന്‍ യുവതിയുടെ അടുത്തെത്തിയത്. യാത്രാടിക്കറ്റ് ചോദിച്ച ജീവനക്കാരന്‍ യുവതിയുടെ ലഗേജുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടെന്ന് അറിയിച്ചു. ലഗേജിന്‍റെ സുരക്ഷാ പരിശോധനക്കിടെ ബീപ് ശബ്ദം കേട്ടെന്നായിരുന്നു പറഞ്ഞത്. ഗ്രൗണ്ട്, കാര്‍ഗോ സേവനങ്ങള്‍ നടത്തുന്ന എയര്‍ ഇന്ത്യ സാറ്റ്സ് ജീവനക്കാരനാണ് അഫാനെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലഗേജിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും പരിശോധന വേണമെന്നും സ്ഥിരം കൗണ്ടറില്‍ തിരക്കേറിയതിനാല്‍ വിമാനം മിസ് ആവാന്‍ സാധ്യതയുണ്ടെന്നും ഇയാള്‍ യുവതിയെ പറഞ്ഞുധരിപ്പിച്ചു. അതിനാല്‍ തന്നെ പരിശോധനയ്ക്കായി ബദല്‍ മാര്‍ഗമുണ്ടെന്ന് പറഞ്ഞ് അഫാന്‍ യുവതിയെ പുരുഷന്‍മാരുടെ ശുചിമുറിയ്ക്ക് സമീപത്തെത്തിച്ചു. ശുചിമുറിക്കടുത്ത് എത്തിയ ഉടനെ യുവതിയുടെ ദേഹത്ത് കയറിപ്പിടിച്ച് മോശമായി സ്പര്‍ശിച്ചു.
യുവതി ബഹളം വയ്ക്കാന്‍ തുടങ്ങിയതോടെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞ് തിരിച്ചുപോയെന്നാണ് പരാതിയില്‍ പറയുന്നത്. തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് യുവതി ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സിസിടിവി പരിശോധിച്ച് സംഭവം സ്ഥിരീകരിച്ച എയര്‍പോര്‍ട്ട് പൊലീസ് അഫാനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.