Image credit: PTI
ഡല്‍ഹിയില്‍ നിന്ന് പട്നയിലേക്ക് പോയ തേജസ് രാജധാനി എക്സ്പ്രസിന് ബോംബ് ഭീഷണി. ഡല്‍ഹിയിലെ കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശമെത്തിയത്. ഇതോടെ ട്രെയിന്‍ അരമണിക്കൂറോളം പിടിച്ചിട്ട് വിശദമായി പരിശോധിച്ചു. പരിശോധനയില്‍ സംശയാസ്പദമായതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഭീഷണി സന്ദേശം ലഭിച്ചയുടന്‍ തന്നെ വിവരം ബോംബ് സ്ക്വാഡിനും ലോക്കല്‍ പൊലീസിനും കൈമാറിയെന്നും എസ്എച്ച്ഒ, അധികൃതര്‍, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്, അഗ്നിരക്ഷാസേന തുടങ്ങിയ എല്ലാ സംഘങ്ങളും ഡിവിഷനല്‍ ഓഫിസര്‍മാരും ചേര്‍ന്ന് ട്രെയിന്‍ പരിശോധിച്ചുവെന്നും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ആര്‍പിഎഫ് കമാന്‍ഡിങ് ഓഫിസര്‍ ഗുല്‍സാര്‍ സിങ് പറഞ്ഞു.
31 മിനിറ്റിന് ശേഷമാണ് ട്രെയിന് ക്ലിയറന്‍സ് നല്‍കിയത്. ഭീഷണി വ്യാജമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ ശ്രമം തുടങ്ങി. പൊലീസ് അന്വേഷിക്കുകയാണെന്നും സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ കുറ്റക്കാരെ കണ്ടെത്തുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും റെയില്‍വേ അറിയിച്ചു.
ഈ മാസം ആദ്യം കാശി എക്സ്പ്രസിനും വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു. ഘൊരഖ്പുറില്‍ നിന്നും മുംബൈയിലേക്ക് ജനുവരി ആറിന് സര്‍വീസ് നടത്തുന്നതിനിടെ ഉത്തര്‍പ്രദേശിലെ മൗവില്‍ വച്ചാണ് കാശി എക്സ്പ്രസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശമെത്തിയത്. ഉടന്‍ തന്നെ സുരക്ഷാ സംഘങ്ങള്‍ എത്തുകയും ആളുകളെയെല്ലാം ഒഴിപ്പിച്ച് ട്രെയിനില്‍ വിശദമായി പരിശോധന നടത്തുകയും ചെയ്തുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈ കേസിലും ഫോണ്‍ വിളിച്ചയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സംഭവ ദിവസം രാവിലെ ഒന്‍പതരയോടെയാണ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ സന്ദേശമെത്തിയത്.