വസ്ത്രധാരണത്തെ കുറിച്ചുള്ള തര്‍ക്കവും തുടര്‍ന്നുള്ള കയ്യാങ്കളിയിലും വനിതാ ഹോം ഗാര്‍ഡിനെ ആക്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. മഹദേവപുര സ്വദേശിനി ദാമിനി എന്ന മോഹിനി (31) യാണ് അറസ്റ്റിലായത്. പൊലീസിന്‍റെ ജോലി തടയഞ്ഞതിനും അക്രമിച്ചതിനുമാണ് കേസ്. ജനുവരി ഒന്‍പതിന് കെ.ആര്‍ പുരം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. രാമമൂര്‍ത്തി നഗര്‍ ട്രാഫിക്ക് പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ലക്ഷ്മി നരസമ്മ(36)യ്ക്കാണ് പരുക്കേറ്റത്.
പ്രധാന ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കാൽനടയാത്രക്കാരോടും വാഹനമോടിക്കുന്നവരോടും റോഡിന്റെ വശത്തേക്ക് മാറാൻ നരസമ്മ നിർദ്ദേശിക്കുകയായിരുന്നു. റോഡിന്റെ മധ്യത്തിലായിരുന്ന മോഹിനി മാറാതെ നിന്നു. തുടര്‍ച്ചയായി ഹോം ഗാര്‍ഡ് അഭ്യര്‍ഥിച്ചിട്ടും സഹകരിക്കാന്‍ യുവതി തയ്യാറായില്ല. ഹോം ഗാര്‍ഡിനെ െതറിവിളിക്കുകയും ആക്രമിക്കുകയും ചെയ്തു. മുടിയില്‍ പിടിച്ചു വലിക്കുകയും തുടര്‍ച്ചയായി അടിക്കുകയുമായിരുന്നു. ഹോം ഗാർഡിന്റെ കൈയിലെ ബാറ്റൺ തട്ടിയെടുത്ത് ആക്രമണം തുടർന്നു. നരസമ്മയുടെ മുഖത്തും മൂക്കിലും രക്തസ്രാവമുണ്ടായി.
മോഹിനിയുടെ വസ്ത്രധാരണത്തെ പറ്റി റോഡിലുള്ളവര്‍ മോശമായി സംസാരിച്ചിരുന്നു. ഇതില്‍ ഇടപെട്ട ഹോം ഗാര്‍ഡ് മാന്യമായി വസ്ത്രം ധരിക്കണമെന്നും തിരക്കായതിനാല്‍ റോഡിലൂടെ നടക്കരുതെന്നും യുവതിയോട് പറഞ്ഞു. ഇതിന്‍റെ പ്രകോപനത്തിലാണ് ആക്രമിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റിമാന്‍ഡ് ചെയ്ത പ്രതിയെ ബെംഗളൂരു സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സ്വകാര്യ കമ്പനിയിലാണ് മോഹിനി ജോലി ചെയ്യുന്നത്.