കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് തിങ്കളാഴ്ച ഡൽഹി സിബിഐ ഓഫിസിൽ ഹാജരാകും. രാവിലെ 11 മണിക്ക് ഓഫിസിൽ എത്തുമെന്നാണ് വിവരം. രണ്ട് ദിവസം വിജയ് യെ സിബിഐ ചോദ്യം ചെയ്തേക്കും.
കരൂർ കേസിൽ ആദ്യമായാണ് വിജയുടെ മൊഴി രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ച ഡൽഹി ഓഫിസിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് വിജയ്ക്ക് സിബിഐ, സമൻസ് അയച്ചിരുന്നു. നാളെ രാവിലെ 7 മണിക്ക് സ്വകാര്യ വിമാനത്തിലാണ് വിജയ് ഡൽഹിയിലേക്ക് തിരിക്കുക. 13 ന് വൈകീട്ട് ആകും വിജയ് മടങ്ങുക എന്നും ടിവികെ വൃത്തങ്ങൾ പറയുന്നു. ഡൽഹിയിൽ എത്തുന്ന വിജയ്ക്ക് ശക്തമായ സുരക്ഷ ഒരുക്കുമെന്ന് ഡൽഹി പൊലിസ് അറിയിച്ചു. വിമാനത്താവളം, ഹോട്ടൽ, സിബിഐ ഓഫിസ് എന്നിവിടങ്ങളിലും വിജയ് യാത്രചെയ്യുന്ന റോഡിലും സുരക്ഷയൊരുക്കും.
നേരത്തെ, ടിവികെ ജനറൽ സെക്രട്ടറി എൻ.ആനന്ദ്, ആദവ് അർജുന തുടങ്ങിയ നേതാക്കളെ കരൂരിലും ഡൽഹിയിലും വിളിപ്പിച്ച് സിബിഐ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്ക്ക് സമൻസ് അയച്ചത്. ഇന്നലെ വിജയുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിൽ എടുത്തിരുന്നു. കരൂരിലെ സിബിഐ കേന്ദ്രത്തിൽ എത്തിച്ച് പരിശോധന നടത്തിയ ശേഷം വാഹനം ഉപാധികളോടെ വിട്ടുനൽകി.