ബെംഗളൂരുവിലെ ദേശീയ പാതയില്‍ അപകടത്തില്‍പ്പെട്ട എസ്‌യുവിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. റോഡിലൂടെ സാവധാനത്തില്‍ നീങ്ങുകയായിരുന്ന ക്രേറ്റയിലേക്ക് അതിവേഗത്തില്‍ വന്നിടിച്ച പഞ്ചിന്‍റെ ദൃശ്യങ്ങളാണ് വൈറല്‍. ഇടിച്ച ശേഷം മലക്കം മറിഞ്ഞ പഞ്ച് വായുവില്‍ ഉയര്‍ന്നു പൊങ്ങി റോഡിന് പുറത്തെത്തുകയും ചെയ്തു. പിന്നാലെ വന്ന കാറിലെ ഡാഷ് ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. പ്രതീക് സിങ് എന്ന യുട്യൂബറാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഡാഷ് ക്യാം ദൃശ്യങ്ങളില്‍ കാറുകളും ബൈക്കുകളും കാറിന് മുന്നില്‍ സാവധാനത്തില്‍ പൊയ്‌ക്കൊണ്ടിരിക്കുന്നതായി കാണാം. പെട്ടെന്ന് ഡാഷ് ക്യാമറയുള്ള കാറിന്റെ ഇടതുവശത്തുകൂടെ അതിവേഗതയില്‍ ടാറ്റ പഞ്ച് എത്തുകയായികുന്നു. തുടര്‍ന്ന് വലതു വശത്തേക്ക് നീങ്ങുന്ന പഞ്ച് സാവധാനത്തില്‍ പോവുകയായിരുന്ന ക്രേറ്റയുടെ പിന്‍ വശത്തായി ഇടിക്കുന്നു. തൊട്ട് പിന്നാലെ ടാറ്റ പഞ്ച് വായുവില്‍ ഉയര്‍ന്ന് മലക്കം മറിഞ്ഞ് റോഡിന് പുറത്തേക്ക് പോവുന്നതും കാണാം.
ഇടിയില്‍ ടാറ്റ പഞ്ചിന്റെ എയര്‍ബാഗ് പുറത്തുവന്നിരുന്നു. ഇത് അപകടത്തിന്‍റെ ആഘാതം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ്. അതേസമയം വായുവിലൂടെ ഉയര്‍ന്നു പൊങ്ങിയ വാഹനം അടുത്തുണ്ടായിരുന്ന ബൈക്കുകളിലോ മറ്റ് വാഹനങ്ങളിലോ ഇടിച്ചില്ലെന്നതാണ് ആശ്വാസകരമായ കാര്യം. ടാറ്റ പഞ്ച് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് നിഗമനം. പഞ്ചിലുണ്ടായിരുന്നവരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.