പ്രതി, എഐ ഉപയോഗിച്ച് പൊലീസ് സൃഷ്ടിച്ച ചിത്രം,X, @Delhiite_
ഏത് കുറ്റകൃത്യവും തെളിയിക്കാന്‍ ഒരു തുമ്പെങ്കിലും അവശേഷിക്കുമെന്നാണ് പൊതുവേ കുറ്റാന്വേഷകര്‍ പറയുന്നത്. ഇവിടെയിതാ പ്രത്യേകിച്ച് തെളിവുകളോ സാക്ഷികളോ ഒന്നുമില്ലാതിരുന്ന ഒരു ബലാത്സംഗ കൊലപാതകക്കേസ് തെളിയിക്കാന്‍ പൊലീസിനെ സഹായിച്ചത് ഒരു കുഞ്ഞുകഷ്ണം ഓംലറ്റാണ്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.
ഡിസംബര്‍ 29ന് ഗോലകാ മന്ദിര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കട്ടാരെ ഫാമിനടുത്തുള്ള വനമേഖലയില്‍ അര്‍ധനഗ്നയായ ഒരു യുവതിയുടെ മൃതശരീരം കണ്ടെത്തി. മുഖമെല്ലാം കല്ലുകൊണ്ട് അടിച്ചുതകര്‍ക്കപ്പെട്ട നിലയിലായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമെന്ന് സ്ഥിരീകരണം വന്നു. യുവതിയുടെ മുഖം പൊലീസ് എഐ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത് ചാനലുകളിലും പ്രധാന സ്ഥലങ്ങളിലുമെല്ലാം പ്രചരിപ്പിച്ചു. പിന്നാലെ കൊല്ലപ്പെട്ടത് ടിക്കംഗര്‍ സ്വദേശി സംഗീത പാല്‍ എന്ന യുവതിയാണെന്ന് കണ്ടെത്തി. ഇതിനിടെ യുവതിയുടെ ശരീരമാകെ പരിശോധിച്ച പൊലീസിനു വസ്ത്രത്തില്‍ നിന്നും ലഭിച്ചത് ഒരു ചെറിയ കഷ്ണം ഓംലറ്റ്.
പിന്നാലെ പൊലീസ് അടുത്തുള്ള ഭക്ഷണശാലകളിലെല്ലാം അന്വേഷിച്ചു. അധികം താമസിയാതെ സമീപത്തെ തട്ടുകടക്കാര്‍ യുവതിയെ തിരിച്ചറിഞ്ഞു. യുവതി ഒരു പുരുഷനൊപ്പം ഭക്ഷണം കഴിച്ചെന്നും കൂടെ ഓംലറ്റ് വാങ്ങിച്ചെന്നും തട്ടുകടക്കാര്‍ മൊഴി നല്‍കി. തുടര്‍ന്ന് മേഖലയിലെ സിസിടിവി ദൃശ്യങ്ങളും ഓണ്‍ലൈനായി അടച്ച ബില്ലിന്റെ വിവരങ്ങളും ഉപയോഗിച്ച് പൊലീസ് അന്വേഷണം നടത്തി. യുവതി ഒരാള്‍ക്കൊപ്പം നടന്നുപോകുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ കണ്ടെത്തി.
തുടര്‍ന്ന് ഗ്വാളിയോര്‍ റെയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമില്‍വച്ച് പൊലീസ് പ്രതിയെ പിടികൂടി. യുവതിയുടെ ആണ്‍സുഹൃത്തായ സച്ചിന്‍ സെന്‍ ആണ് ബലാത്സംഗം ചെയ്ത ശേഷം യുവതിയെ കൊലപ്പെടുത്തിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഓംലറ്റാണ് കേസില്‍ പ്രതിയെ പിടികൂടാന്‍ പൊലീസിനു രക്ഷയായതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് ധരംവീര്‍ സിങ് പറഞ്ഞു.