TOPICS COVERED

13 പേര്‍ മരിച്ച മധ്യപ്രദേശ് ഇന്‍ഡോറിലെ മലിന ജല ദുരന്തം അധികൃതരുടെ അനാസ്ഥയുടെ ഫലമെന്ന് നാട്ടുകാര്‍. വെള്ളത്തില്‍ മാലിന്യം കലരുന്നതായി രണ്ടുമാസം മുന്‍പേ പരാതിപ്പെട്ടിട്ടും നടപടിയൊന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ദേശിയ മനുഷ്യാവകാശ കമ്മിഷന്‍ ദുരന്തത്തില്‍  റിപ്പോര്‍ട്ട് തേടി.  മധ്യപ്രദേശ് ഹൈക്കോടതി വിഷയം പരിഗണിക്കുകയാണ്.

ഇന്‍ഡോര്‍ ഭഗീരത്പൂരയില്‍ ദുരന്തംവിതച്ചത് മലിനജലമാണെന്ന് ലബോറട്ടറി പരിശോധനയിലും സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നാട്ടുകാരുടെ ഗുരുതര ആരോപണം.  കുടിവെള്ളത്തില്‍ മാലിന്യം കലരുന്നതായി കോര്‍പ്പറേഷനില്‍ പലതവണ പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ അവഗണിച്ചെന്ന് നാട്ടുകാര്‍. സ്ഥലത്ത് പുതുതായി നിർമ്മിച്ച പൊലീസ് ചെക്ക് പോസ്റ്റിന്റെ ശൗചാലയത്തില്‍നിന്നുള്ള മാലിനജലം പൈപ്പ് പൊട്ടി ശുദ്ധജലത്തില്‍ കലര്‍ന്നെന്നാണ് കണ്ടെത്തല്‍.  നടപടി വൈകിയതോടെ ദുരന്തത്തിന്‍റെ വ്യാപ്തി കൂടി.  13 പേര്‍‌ മരിച്ചെന്നാണ് നാട്ടുകാര്‍ പറയുമ്പോള്‍‌ 10 മരണങ്ങളാണ്  കോര്‍പ്പറേഷന്‍ മേയര്‍ സ്ഥിരീകരിച്ചത്.   നൂറിലേറെപ്പേര്‍ ഇപ്പോഴും ചികില്‍സയിലുണ്ട്.  ആകെ 1,300ലേറെ പേര്‍ക്ക് വയറിളക്കവും മറ്റ് അസുഖവുമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.  

സർക്കാരാണ് ജനങ്ങളെ രോഗികളാക്കിയതെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ്  മന്ത്രി കൈലാഷ് വിജയവർഗിയയുടെ രാജി ആവശ്യപ്പെട്ടു. അനാസ്ഥ വെച്ചുപൊറുപ്പിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പ്രതികരിച്ചു. ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെയുള്ള പരാതിയില്‍ അധികൃതര്‍ക്ക് അലംഭാവമുണ്ടായെന്ന് വിലയിരുത്തി. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു.  

ENGLISH SUMMARY:

Indore water contamination is the focal point of a tragic incident in Madhya Pradesh, resulting in multiple fatalities and widespread illness due to alleged negligence. Authorities are facing scrutiny as investigations unfold and the National Human Rights Commission seeks a comprehensive report.