Image credit:X
ഉത്തരാഖണ്ഡിലെ തുരങ്കത്തിനുള്ളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 60 പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ പത്തുപേരെ വിദഗ്ധ ചികില്‍സയ്ക്കായി ഗോപേശ്വറിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് പേര്‍ക്ക് എല്ലുകള്‍ക്ക് പൊട്ടലുണ്ട്. 17 പേരെ പിപ്പല്‍കൊട്ടിയിലെ വിവേകാനന്ദ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പിപ്പല്‍കൊട്ടി തുരങ്കത്തിനുള്ളിലാണ് അപകടം ഉണ്ടായത്.
വിഷ്ണുഗഡ്–പിപ്പല്‍കൊട്ടി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിന്‍റെ ഭാഗമായുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നവര്‍ക്കാണ് പരുക്കേറ്റത്. തൊഴിലാളികളുമായി പോയ ലോക്കോ ട്രെയിന്‍ ഗുഡ്സ് ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. അപകടസമയത്ത് 109 പേര്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആളുകളെയും ഉദ്യോഗസ്ഥരെയും നിര്‍മാണ സാമഗ്രികളെയും എത്തിക്കുന്നതിനായാണ് ലോക്കോ ട്രെയിന്‍ ഉപയോഗിക്കുന്നത്.
അപകടത്തില്‍ റെയില്‍വേയ്ക്ക് ഉത്തരവാദിത്തമില്ലെന്നും പ്രാദേശിക അധികൃതരുടെ ഏകോപനത്തില്‍ സംഭവിച്ച വീഴ്ചയാണ് കാരണമെന്നും റെയില്‍വേ അറിയിച്ചു. ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേയുടേത് അല്ലെന്നും നിര്‍മാണപ്രവര്‍ത്തനത്തിനായി കമ്പനി സജ്ജമാക്കിയതാണെന്നും നോര്‍ത്തേണ്‍ റെയില്‍വേ സിപിആര്‍ഒ ഹിമാന്‍ഷു ശേഖര്‍ ഉപാധ്യായ പറഞ്ഞു.
വിഷ്ണുഗഡ്–പിപ്പല്‍കൊട്ടി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട് ഹെലാങ്– പിപ്പല്‍കൊട്ടി പ്രദേശങ്ങളിലായി അളകനന്ദ നദിയിലാണ് പുരോഗമിക്കുന്നത്. നാല് ടര്‍ബനുകളില്‍ നിന്നായി 111 മെഗാവാട്ടിന്‍റെ വൈദ്യുതി നിര്‍മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും.