ബെംഗളുരുവില്‍ അത്യാഡംബര വിവാഹത്തിനു പിറകെ നവവധു ജീവനൊടുക്കിയ കേസില്‍ ട്വിസ്റ്റ്. സ്ത്രീധന പീഡനആരോപണ വിധേനായ ഭര്‍ത്താവിനെ മഹാരാഷ്ട്രയിലെ ഹോട്ടലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സത്കാരത്തിനുമാത്രം 50 ലക്ഷം രൂപ മുടക്കി വിവാഹം കഴിച്ച രാമമൂര്‍ത്തി നഗര്‍ സ്വദേശിനിയായ ഗായിക ജാന്‍വിയുടെ മരണം സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ഒക്ടോബര്‍ 29നാണ് രാമമൂര്‍ത്തി നഗര്‍ സ്വദേശിയായ ഗായിക ജാന്‍വി സൂരജിനെ വിവാഹം കഴിക്കുന്നത്. ജീവിതം തുടങ്ങും മുന്‍പേ അടി തുടങ്ങി. കുടുംബങ്ങള്‍ ഇടപെട്ടു ഇരുവരെയും ശ്രീലങ്കയിലേക്ക് ഹണിമൂണിനു വിട്ടെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചു സ്വന്തം വീട്ടിലെത്തിയ ജാന്‍വി തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. പാലസ് ഗ്രൗണ്ടില്‍ നടത്തിയ വിവാഹ സത്കാരത്തിനുമാത്രം ജാന്‍വിയുടെ കുടുംബം അമ്പത് ലക്ഷം രൂപ മുടക്കിയിരുന്നു. ഭര്‍ത്താവ് സൂരജിന്റെയും കുടുംബത്തിന്റെയും സ്ത്രീധന പീഡനമാണു ജീവനൊടുക്കാന്‍ കാരണമെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി.പിറകെ സൂരജും അമ്മ ജയന്തിയും ഒളിവില്‍പോയി. സമൂഹ മാധ്യമങ്ങളില്‍ സൂരജിനും കുടുംബത്തിനുമെതിരെ ആക്രമണങ്ങളും വിമര്‍ശനവും കടുത്തു.
ഇന്നു രാവിലെയാണു സൂരജിനെ പൂനെയിലെ ഹോട്ടലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കൂടെ ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മ ജയന്തി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇരുവര്‍ക്കുമെതിരെ സ്ത്രീധന പീഡന നിരോധന നിയമം ,ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. അതേസമയം ജാന്‍വിയുടെ മുന്‍ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണു സ്വന്തം വീട്ടിലേക്കു വിട്ടതെന്നാണു സൂരജിന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ വാദം.