ക്രിസ്മസ് പുലരിയിൽ കർണാടകയെ ദുഃഖത്തിലാഴ്ത്തി ബസ് ദുരന്തം. ചിത്രദുർഗയിൽ കണ്ടെയ്നര്‍ ലോറി ഇടിച്ച് സ്ലീപ്പർ ബസിനു തീപിടിച്ചു 17പേർ മരിച്ചു. ഹിരിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോർലാത്തൂരിൽ ദേശീയപാത 48ലാണ് അപകടം. നിയന്ത്രണം തെറ്റി എതിർദിശയിൽ നിന്ന് മീഡിയൻ തകർത്ത് എത്തിയ ലോറി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനു തീ പിടിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. ലോറി ഡ്രൈവറും മരിച്ചു.
29 യാത്രക്കാരിൽ 9 പേരെ പരുക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ കൂടുമെന്നാണ് സൂചന. ബംഗളുരുവിൽ നിന്ന് ഗോകർണത്തിലേക്ക് പോയ സീബേർഡ് ട്രാവൽസിന്റെ ബസ് ആണ് അപകടത്തിൽപെട്ടത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് ചിത്രദുർഗ പൊലീസിന്‍റെ അനുമാനം. രാത്രി 11:30 നാണ് ബസ് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. പുലർച്ചെ 2 മണിയോടെയാണ് അപകടമുണ്ടായതെന്ന് രക്ഷപ്പെട്ട യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു.