ദരിദ്രരെയും അപരിചിതരെയും സഹായിക്കണമെന്നും അവരെ തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിന് തുല്യമാണെന്നും ഓര്‍മിപ്പിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ, ഫ്രാൻസിസ് പോപ്പിന്റെ പിൻഗാമിയായി തിരഞ്ഞെടുത്തതിന് ശേഷമുള്ള തന്റെ ആദ്യത്തെ ക്രിസ്മസ് ദിവ്യബലി അർപ്പിച്ചുകൊണ്ട് വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കനത്ത മഴയെയും അവഗണിച്ച് ആയിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയത്.
കുടിയേറ്റക്കാർക്കും പാര്‍ശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള കരുതലായിരുന്നു തന്റെ ആദ്യകാല പാപ്പയുടെ കേന്ദ്രവിഷയങ്ങൾ എന്ന് സന്ദേശത്തില്‍ മാർപ്പാപ്പ ഊന്നിപ്പറഞ്ഞു. സത്രത്തിൽ സ്ഥലമില്ലാത്തതിനാൽ യേശു ഒരു കാലിത്തൊഴുത്തിൽ ജനിക്കേണ്ടി വന്നു എന്ന കഥയിലൂടെ, സഹായം ആവശ്യമുള്ളവരെ സഹായിക്കാത്തത് ദൈവത്തെ നിരസിക്കുന്നതിന് തുല്യമാണെന്ന് മാര്‍പാപ്പ പറഞ്ഞു. യേശുവിന്റെ ജനനത്തിലൂടെ ഓരോ വ്യക്തിയിലുമുള്ള ദൈവസാന്നിധ്യം തെളിയിക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യന് ഇടമുള്ളിടത്ത് ദൈവത്തിനും ഇടമുണ്ടെന്നും ഒരു തൊഴുത്തിനുപോലും ഒരു ക്ഷേത്രത്തേക്കാൾ പവിത്രമായി മാറാൻ കഴിയുമെന്നും മാര്‍പാപ്പ തന്റെ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. ഏകദേശം ആറായിരത്തോളം പേരാണ് ബസിലിക്കയിലെ ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തിയത്. ഡൊണാൾഡ് ട്രംപിന്റെ വിഭജന കുടിയേറ്റ നിയന്ത്രണത്തെ വിമർശിച്ച മാര്‍പാപ്പ, കുട്ടികൾക്കോ ദരിദ്രർക്കോ വിദേശികൾക്കോ വേണ്ടി ലോകം ഒന്നും കരുതുന്നില്ലെന്ന ബെനഡിക്ട് പതിനാറാമൻ മാര്‍പ്പാപ്പയുടെ വരികളും ഉദ്ധരിച്ചു.