തമിഴ്നാട് കടലൂരിൽ ബസിന്റെ ടയർ പൊട്ടിയുണ്ടായ അപകടത്തിൽ 9 മരണം. മൂന്ന് പേര്‍ക്ക് പരുക്ക്. തിരുച്ചിറപ്പള്ളി- ചെന്നൈ ദേശീയ പാതയിൽ കടലൂർ തിട്ടാകുടിയിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മധുരയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ആർടിസിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസിന്റെ മുൻ വശത്തെ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ മീഡിയനിന് മുകളിലൂടെ എതിർ ദിശയിൽ വരികയായിരുന്ന രണ്ടു കാറുകളിലേക്ക് ബസ് ഇടിച്ചു കയറി. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. മരിച്ചവരിൽ 4 പേർ സ്ത്രീകളും രണ്ടു കുട്ടികളുമുണ്ട്. രാമനാഥം പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അപകടത്തെ തുടര്‍ന്ന് തിരുച്ചി- ചെന്നൈ ദേശീയപാതയിൽ വലിയ ഗതാഗത തടസമാണ് അനുഭവപ്പെട്ടത്.