അയോധ്യ രാമക്ഷേത്രത്തില്‍ ആചാരപരമായ പതാക ഉയര്‍ത്തല്‍ ചടങ്ങ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കം അടക്കം എണ്ണായിരംപേര്‍ പങ്കെടുക്കും. ഡല്‍ഹി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
അയോധ്യ നഗരം ആഘോഷത്തിലാണ്. ശുക്ലപക്ഷ പഞ്ചമി ദിനമായ ഇന്ന് ഉച്ചയ്ക്ക് 12ന് പ്രധാനമന്ത്രി പതാക ഉയര്‍ത്തും. പ്രധാന ഗോപുരത്തിന് മുകളില്‍ 30 അടി ഉയരുമുള്ള കൊടിമരത്തില്‍ സൂര്യന്‍, ഓം, കോവീദാര്‍ മരം എന്നിവ ആലേഖനം ചെയ്ത പതാകയാണ് ഉയര്‍ത്തുക. ക്ഷേത്രനിര്‍മാണം പൂര്‍ത്തീകരിച്ചതിന്‍റെ അടയാളം കൂടിയാണ് ചടങ്ങ്.
രാവിലെ പത്തുമണിക്ക് അയോധ്യയില്‍ എത്തുന്ന മോദി സപ്തര്‍ഷി ക്ഷേത്രങ്ങളിലും ശേഷാവതാര ക്ഷേത്രത്തിലും ദര്‍ശനം നടത്തും. തുടര്‍ന്ന് പ്രധാന ക്ഷേത്രത്തില്‍ പൂജകളില്‍ പങ്കെടുക്കും. പതാക ഉയര്‍ത്തിയശേഷം ക്ഷണിക്കപ്പെട്ട അതിഥികളെ അഭിസംബോധന ചെയ്യും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ അയോധ്യയില്‍ എത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. പൊതുജനങ്ങള്‍ക്ക് നാളെ മുതലാണ് ദര്‍ശനത്തിന് അനുമതി. ഡല്‍ഹി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ അര്‍ധസൈനിക വിഭാഗങ്ങളെ അടക്കം സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.