Image credit:x

Image credit:x

ട്രെയിനിലിരുന്ന് ഹിന്ദി സംസാരിച്ചതിന്‍റെ പേരില്‍ ആക്രമണത്തിനിരയായ കോളജ് വിദ്യാര്‍ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ കല്യാണിലാണ് ദാരുണസംഭവം. ആര്‍ണവ് ലക്ഷ്മണന്‍ എന്ന ഒന്നാം വര്‍ഷ സയന്‍സ് ബിരുദ വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. മുളുന്ദിലെ കോളജിലേക്ക് ലോക്കല്‍ ട്രെയിനില്‍ പോകുമ്പോഴാണ് ആര്‍ണവിനുനേരെ ആക്രമണം ഉണ്ടായത്. ട്രെയിനില്‍ ഇരുന്ന് ഹിന്ദിയില്‍ സംസാരിച്ച ആര്‍ണവിനെ അടുത്തിരുന്ന ആറുപേര്‍ ചേര്‍ന്ന് ഇടിച്ച് അവശനാക്കുകയായിരുന്നു. 

ഭയന്നുപോയ ആര്‍ണവ് അടുത്ത സ്റ്റേഷനിലിറങ്ങി പിന്നാലെ വന്ന ട്രെയിനില്‍ കയറി കോളജിലെത്തിയെങ്കിലും ക്ലാസുകള്‍ പൂര്‍ത്തിയാകുന്നത് വരെ ഇരിക്കാന്‍ കഴിഞ്ഞില്ല. പതിവിലും നേരത്തെ വീട്ടിലെത്തിയ ആര്‍ണവ്, പിതാവിനെ വിളിച്ച് ട്രെയിനില്‍ വച്ച് നേരിട്ട അതിക്രമം വിവരിച്ചു. മകന്‍റെ ശബ്ദത്തില്‍ വല്ലാത്ത ഭയം കലര്‍ന്നത് മനസിലാക്കിയ പിതാവ്, സമാധാനിപ്പിച്ച് ഫോണ്‍ വച്ചു. എന്നാല്‍ വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ആര്‍ണവിന്‍റെ മുറിയുടെ വാതില്‍ അട‍ഞ്ഞു കിടക്കുന്നത് കണ്ടു. ആവര്‍ത്തിച്ച് വിളിച്ചിട്ടും തുറക്കാതെ വന്നപ്പോള്‍ അയല്‍ക്കാരെ വിളിച്ചുകൊണ്ട് വന്ന് വാതില്‍ തുറക്കുകയായിരുന്നു. ബ്ലാങ്കറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ ആര്‍ണവിനെയാണ് മുറിക്കുള്ളില്‍ കണ്ടത്. അക്രമികളേല്‍പ്പിച്ച ശാരീരിക–മാനസിക പീഡനം താങ്ങാന്‍ കഴിയാതെയാണ് മകന്‍ ജീവനൊടുക്കിയതെന്ന് ആര്‍ണവിന്‍റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം തുടരുകയാണ്.

മുംബൈ മെട്രൊപൊളിറ്റന്‍ പ്രദേശത്ത് മറാത്തി സംസാരിക്കാവര്‍ക്കെതിരെ കടുത്ത പ്രാദേശിക വികാരം ഉണ്ടാകുന്നതിന് തെളിവുകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. പൊതുസ്ഥലങ്ങളില്‍ പലപ്പോഴും വാക്കേറ്റം പതിവാണ്. ചിലപ്പോഴെങ്കിലും ശാരീരിക അക്രമത്തിലേക്കും വഴിമാറുന്നു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പ്രവര്‍ത്തകരാണ് അക്രമികളില്‍ ഏറെയും. അതേസമയം മറാത്തി–ഹിന്ദി സമൂഹങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളാണെന്നുമായിരുന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍റെ നിലപാട്. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

ENGLISH SUMMARY:

Arnav Lakshmanan, a first-year science student in Kalyan, Maharashtra, died by suicide after being brutally attacked by a group of six people on a local train for allegedly speaking Hindi. Disturbed by the physical and mental trauma, Arnav cut his classes short and returned home. He was later found hanging in his room. His father has filed a police complaint, stating his son could not bear the harassment. The incident highlights rising regional tensions in the Mumbai Metropolitan Region against non-Marathi speakers, although authorities previously downplayed such attacks as isolated incidents. Police have launched an investigation into the attack and the subsequent suicide.