chennai-rpf

മോഷണം പോയ ഫോൺ കണ്ടെത്താൻ ചെന്ന മലയാളി ആർ.പി.എഫ് ഉദ്യോഗസ്ഥനെയും പരാതിക്കാരനെയും കൂട്ടം ചേർന്നു ക്രൂരമായി മർദിച്ച കേസില്‍ 2 പേർ അറസ്റ്റിൽ. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയായ ഉദ്യോഗസ്ഥനും തിരുവനന്തപുരം മെയിലിൽ എ.സി മെക്കാനിക്കായ കാർത്തിക്കിനുമാണു മർദനമേറ്റത്.

ട്രെയിനിൽ നിന്നാണ് കാർത്തിക്കിന്റെ ഫോൺ നഷ്ടമായത്. സെൻട്രലിലെ ആർപിഎഫ് ഉദ്യോഗസ്ഥർ 'ഫോൺ ട്രാക്കർ ആപ്പിന്റെ സഹായത്തോടെ, ബർമ ബസാറിൽ ഫോണുള്ളതായി കണ്ടെത്തുകയായിരുന്നു. ഈ ഫോണിലേക്കു വിളിച്ചപ്പോൾ, പണം നൽകുകയാണെങ്കിൽ ഫോൺ തിരികെ നൽകാമെന്ന് കോളെടുത്തയാൾ അറിയിച്ചു. ഇതേത്തുടർന്ന് പണം നൽകി ഫോൺ തിരികെ വാങ്ങാനാണ് കാർത്തിക്കിനെയും കൂട്ടി ഉദ്യോഗസ്ഥൻ ബർമ ബസാറിലെത്തിയത്. എന്നാൽ, കാർത്തിക്കിന്റെ ഫോൺ നൽകാൻ ഇയാൾ തയാറായില്ല.

ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ ലക്ഷക്കണക്കിനു രൂപയുടെ നോട്ടുകെട്ടുകളും ആർപിഎഫ് ഉദ്യോഗസ്ഥന്‍റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ, ബർമ ബസാറിലെ കച്ചവടക്കാർ ഇരുവരെയും വളയുകയായിരുന്നു. രണ്ടു പേരെയും ക്രൂരമായി ആക്രമിച്ചു. ആർപിഎഫ് ഉദ്യോഗസ്ഥന്‍റെ മുഖത്തും നെഞ്ചിലും വയറിലും പരുക്കേറ്റു. ബർമ ബസാറിൽ പൊലീസ് കടക്കാൻ അനുവദിക്കില്ലെന്ന് പറ‍ഞ്ഞായിരുന്നു ആക്രമണം. ഇരുവരും ചികിൽസ തേടി. അതേ സമയം, സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങളടക്കം വ്യാപകമായി പ്രചരിച്ചിട്ടും ഒരാഴ്ചയ്ക്കു ശേഷമാണു ബർമ ബസാറിലെ കച്ചവടക്കാരായ ചന്ദ്രു, ഇമ്രാൻ എന്നിവരെ പൊലീസ് പിടികൂടിയത്. കച്ചവടത്തിന്റെ മറവിൽ ബർമ ബസാറിൽ നടക്കുന്ന അനധികൃത ഇടപാടുകൾ നിയന്ത്രിക്കാൻ നടപടികൾ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.

ENGLISH SUMMARY:

Chennai phone theft incident: An RPF officer and complainant were brutally attacked in Burma Bazaar, Chennai, during an attempt to recover a stolen phone, leading to two arrests and highlighting concerns about illegal activities in the area.