ട്രെയിനിൽ യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ ഡാൻസ് റീൽ ചിത്രീകരിച്ചതിൽ രണ്ട് പേർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശി ജിസ്മോൻ, മൂവാറ്റുപുഴ സ്വദേശി കിരൺ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്കുള്ള ഇന്റർസിറ്റി എക്സ്‌പ്രസിൽ തൃശ്ശൂരിൽ വച്ചാണ് റീൽസ് ചിത്രീകരിച്ചത്. ജിസ്മോൻ ഡാൻസറും കിരൺ ഗായകനുമാണ്.
വീഡിയോ വൈറൽ ആയതോടെ ചെന്നൈ റെയിൽവേ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. റെയിൽവേ പൊലീസ് ആക്ട് 145 ബി പ്രകാരം പൊതുജനശല്യത്തിനാണ് കേസെടുത്തത്.
ഇവരുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമാകുകയും ആർ.പി.എഫ് കേസെടുക്കുകയും ചെയ്തത്. യാത്രക്കാരെ പല രീതിയിൽ കബളിപ്പിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്ന രീതിയിലായിരുന്നു റീൽസ്.
റെയിൽവേ പൊലീസിൽ യാത്രക്കാരിൽ ചിലരും പരാതി നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ ആരാധകരെ കൂട്ടാനായിരുന്നു ട്രെയിനിലെ റീൽസ് ചിത്രീകരണം. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി ആർ.പി.എഫ് പറയുന്നു.