ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകനോട് ആവശ്യപ്പെട്ട് യുവതി പിടിയില്‍. മൃതദേഹം വയലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. മൂന്നുകുട്ടികളുടെ അമ്മയായ യുവതിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താനായി കാമുകന്റെ സഹായം തേടിയത്.
ആദ്യം മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് കരുതിയ പൊലീസ് പിന്നീട് ഇതൊരു ആസൂത്രണ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട രാഹുലിന്റെ മൃതദേഹത്തില്‍ മൂന്ന് ബുള്ളറ്റുകളും പൊലീസ് കണ്ടെത്തിയിരുന്നു. ഭാര്യ അഞ്ജലിയെ ചോദ്യം ചെയ്യാനായി പൊലീസ് തീരുമാനിച്ചെത്തിയപ്പോള്‍ ഇവര്‍ വീട്ടില്‍ ഇല്ലായിരുന്നു. പിന്നീടാണ് അതേ ഗ്രാമത്തിലുള്ള അജയ് എന്ന യുവാവുമായി അഞ്ജലിക്ക് ബന്ധമുണ്ടെന്ന വിവരം പൊലീസിനു ലഭിക്കുന്നത്. അജയ്‌യെക്കുറിച്ചന്വേഷിച്ചപ്പോഴും ഇരുവരും ഒളിവിലാണെന്ന് ബോധ്യപ്പെട്ടു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അജയ്‌യേയും അഞ്ജലിയേയും പൊലീസ് പിടികൂടുന്നത്. തങ്ങളുടെ രഹസ്യബന്ധം രാഹുല്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കൊലയ്ക്ക് ആസൂത്രണം നടത്തിയതെന്നും അഞ്ജലിയുടെ ആവശ്യപ്രകാരമാണ് ചെയ്തതെന്നും അജയ് പൊലീസിനു മൊഴി നല്‍കി.
സംസാരിക്കാനുണ്ടെന്നും ഗ്രാമത്തിനു പുറത്തുള്ള വയലില്‍വച്ച് കാണാമെന്നും അജയ് രാഹുലിനോട് പറഞ്ഞു. തുടര്‍ന്ന് രാഹുല്‍ കാണാനെത്തിയപ്പോള്‍ മൂന്നുതവണ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും അജയ് പൊലീസിനോട് സമ്മതിച്ചു.