തെലങ്കാനയില്‍ ഉറുമ്പുകളോടുള്ള ഭയം മൂലം (മൈർമെകോഫോബിയ) യുവതി ജീവനൊടുക്കി. സംഗറെഡ്ഡി ജില്ലയില്‍ നിന്നുള്ള 25 വയസ്സുകാരി മനീഷയാണ് ആത്മഹത്യ ചെയ്തത്. നവംബർ നാലിനാണ് സംഭവം. സാരി ഉപയോഗിച്ച് സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മനീഷയ്ക്ക് കുട്ടിക്കാലം മുതൽ ഉറുമ്പുകളെ ഭയമായിരുന്നുവെന്നും മുന്‍പ് കൗണ്‍സിലിങിന്‍റെ സഹായം തേടിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 2022 ൽ വിവാഹിതയായ മനീഷയ്ക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്.
നവംബര്‍ നാലിന് രാവിലെ മനീഷ തന്‍റെ മകളെ ഒരു ബന്ധുവിന്റെ വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. വീട് വൃത്തിയാക്കുകയാണെന്നും വൃത്തിയാക്കിയ ശേഷം താൻ അവളെ വന്ന് കൂട്ടിക്കൊണ്ടുപോകാമെന്നുമായിരുന്നു പറഞ്ഞത്. എന്നാല്‍ രാവിലെ ജോലിക്ക് പോയ ഭർത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോൾ വീടിന്‍റെ പ്രധാന വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. എത്ര വിളിച്ചിട്ടും ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മനീഷ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് നിന്ന് മനീഷയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ‘ശ്രീ, ക്ഷമിക്കണം, എനിക്ക് ഈ ഉറുമ്പുകളുടെ കൂടെ ജീവിക്കാൻ കഴിയില്ല. മകളെ നോക്കണം, സൂക്ഷിക്കണം’ മനീഷയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള വഴിപാടും കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. വീട് വൃത്തിയാക്കുന്നതിനിടയിൽ ഉറുമ്പുകളെ കണ്ട് മനീഷ ഭയന്നിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്, സംഭവത്തില്‍ അമീൻപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
എന്താണ് മൈർമെകോഫോബിയ?
ഉറുമ്പുകളോടുള്ള ഭയത്തെയാണ് മൈർമെകോഫോബിയ എന്നുപറയുന്നത്. ഭക്ഷണത്തില്‍ ഉറുമ്പുകളുണ്ടായേക്കാം അല്ലെങ്കില്‍ ഉറുമ്പുകൾ വീട്ടിൽ അതിക്രമിച്ചു കയറാം എന്നിങ്ങനെ ഈ ഭയം പല തരത്തിൽ പ്രകടമാകാം. മൈർമെകോഫോബിയ ബാധിച്ചവര്‍ക്ക് പ്രാണികളോടും ചിലന്തികളോടും കൂടുതൽ ഭയം ഉണ്ടാകുന്നതും സാധാരണമാണ്. ഉത്കണ്ഠ, പേടി, നിയന്ത്രിക്കാനാകാത്ത ചിന്തകള്‍, ഉറക്കമില്ലായ്മ എന്നിവയും ഇവര്‍ക്ക് അനുഭവപ്പെടാം. ഭയം തോന്നുന്ന സമയങ്ങളില്‍ കഠിനമായി വിയർക്കുക, ഹൃദയമിടിപ്പ് കൂടുക, ശ്വാസതടസ്സം, പരിഭ്രാന്തി, ഓക്കാനം, തലകറക്കം, തലവേദന, മരവിപ്പ് എന്നിവയും അനുഭവപ്പെടാം. ഈ ഭയം കുറയ്ക്കുന്നതിനുള്ള വഴി എക്സ്പോഷർ തെറാപ്പി, കൗണ്‍സിലിങ് എന്നിവയാണ്.