Image: Social Media
മഹാരാഷ്ട്രയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന വിഡിയോ പ്രചരിച്ചതിന് പിന്നാലെ ഓണ്‍ലൈനില്‍ നിന്നുള്ള പരിഹാസങ്ങളിലും ഭീഷണികളിലും മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ജൽന ജില്ലയിലെ 27 കാരനായ മഹേഷ് അഡെയാണ് നവംബർ 5ന് ഗ്രാമത്തിലെ കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. യുവാവിന്‍റെ ആത്മഹത്യയില്‍ ഏഴ് പേർക്കെതിരെ ആത്മഹത്യാ പ്രേരണ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
ജൽനയിലെ ടോക്മൽ തണ്ട സ്വദേശിയാണ് ആത്മഹത്യ ചെയ്ത മഹേഷ് അഡെ. അടുത്തിടെയാണ് ഛത്രപതി സംഭാജി നഗർ റെയിൽവേ സ്റ്റേഷൻ എന്ന പേരുള്ള ബോർഡിനടിയിൽ മഹേഷും സുഹൃത്തും മൂത്രമൊഴിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതായത്. മദ്യലഹരിയിൽ ചെയ്തതായാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ പ്രവൃത്തി ഓൺലൈനിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. പിന്നാലെ നിരവധി വ്യക്തികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഫോണിലൂടെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇരുവരും പറഞ്ഞിരുന്നു.
സ്ഥിതിഗതികൾ ശാന്തമാക്കാനായി മഹേഷും സുഹൃത്തും ക്ഷമാപണ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. എങ്കിലും ഉപദ്രവവും ഭീഷണിയും തുടർന്നു. പിന്നാലെയാണ് അപമാനം സഹിക്കാൻ കഴിയാതെ മഹേഷ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. മഹേഷിന്‍റെ അമ്മാവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ക്രിമിനൽ ഭീഷണി, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.