TOPICS COVERED

പ്രമുഖ പത്രപ്രവര്‍ത്തക റാണ അയൂബിന് വധഭീഷണി. വാട്സാപ്പിലാണ് ഭീഷണി സന്ദേശം എത്തിയതെന്ന് മുംബൈ പൊലീസ് അറിയിച്ചു. ‘ഹാരി ഷൂട്ടര്‍ കാനഡ’ എന്ന് പരിചയപ്പെടുത്തിയ ആള്‍ വിദേശ നമ്പറില്‍ നിന്നാണ് സന്ദേശം അയച്ചത്. റാണ അയൂബ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. 

ഇന്‍റര്‍നാഷണല്‍ മൊബൈല്‍ നമ്പറില്‍ നിന്ന് തുടര്‍ച്ചയായി കോളുകള്‍ വരികയും റാണ അറ്റന്‍ഡ് ചെയ്യാതിരിക്കുകയും ചെയ്തപ്പോഴാണ് വാട്സാപ്പില്‍ വധഭീഷണി സന്ദേശം അയച്ചത്. അമേരിക്കയിലെ പ്രമുഖ പത്രമായ വാഷിങ്ടണ്‍ പോസ്റ്റില്‍ 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചും ഇന്ദിര ഗാന്ധിയുടെ ഘാതകരെക്കുറിച്ചും ലേഖനം എഴുതണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ റാണ അയൂബിനെയും പിതാവിനെയും വധിക്കുമെന്ന ഭീഷണിയുമുണ്ട്.

വാഷിങ്ടണ്‍ പോസ്റ്റിനുവേണ്ടിയാണ് റാണ അയൂബ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നവിമുംബൈയിലാണ് താമസം. റാണയുടെ താമസസ്ഥലവും മറ്റ് വ്യക്തിഗതവിവരങ്ങളും അറിയാമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. ഇതോടെയാണ് അവര്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ ഭാരതീയ ന്യായ സംഹിതയിലെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. 351 (4) വകുപ്പുനുസരിച്ചുള്ള കേസില്‍ കോടതി ഉത്തരവുണ്ടെങ്കില്‍ മാത്രമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാവൂ. 

ENGLISH SUMMARY:

Rana Ayyub, a prominent journalist, has received death threats via WhatsApp, prompting Mumbai police to register a case. The threat demands she write about the 1984 Sikh riots and Indira Gandhi's assassins for the Washington Post or face fatal consequences for her and her father.