ലക്ഷദ്വീപ്, ആൻഡമാൻ എന്നിവിടങ്ങളിലെ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ ശക്തമാക്കുമെന്ന് വ്യോമസേനാ ഉപമേധാവി എയർ മാർഷൽ നർമദേശ്വർ തിവാരി. മിനിക്കോയില്‍ പുതിയ വ്യോമതാവളം സജ്ജമാക്കും. ദ്വീപിലെ ജീവിതം മെച്ചപ്പെടുത്താനായി ഡ്രോണുകള്‍ കൂടുതല്‍ ഉപയോഗിക്കാനുള്ള ശ്രമം ആരംഭിച്ചുവെന്നും വ്യോമസേന അറിയിച്ചു.
ഡ്രോണുകളുടെ വികസനവും ഗവേഷണവുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കായി തിരുവനന്തപുരത്ത് വച്ച് ദക്ഷിണ വ്യോമ കമാൻഡ് സംഘടിപ്പിച്ച ‘മെഹർ ബാബ’മല്‍സരത്തിന്‍റെ ഉദ്ഘാടന വേദിയിലാണ് വ്യോമസേന ഉപമേധാവി ലക്ഷദ്വീപ്, ആന്‍ഡമാന്‍ ദ്വീപുകള്‍ കേന്ദ്രീകരിച്ച് സേന നടത്താനുദേശിക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കിയത്. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കുന്ന തരത്തില്‍ അഗത്തി വിമാനത്താവളത്തിലെ റൺവേ വികസിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ദ്വീപിലെ സാഹചര്യം കണക്കിലെടുത്ത് ഡ്രോണുകളുടെ സേവനം കൂടുതലായി ഉപയോഗിക്കുകയാണ് മറ്റൊരു ലക്ഷ്യം.300 കിലോ വരെ വഹിക്കാനും 500 കിലോമീറ്റവരെ ഒറ്റയടിക്കു പറക്കാനും കെൽപുള്ള ഡ്രോണുകൾ വികസിപ്പിക്കാനും പദ്ധതിയുണ്ട്. മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയടക്കം എത്തിക്കാൻ ഇതുപയോഗിക്കും.
കടൽകടന്നു പറക്കുന്ന കാർഗോ ഡ്രോണുകൾ എന്ന ആശയം അടിസ്ഥാനമാക്കിയായിരുന്നു മല്‍സരം സംഘടിപ്പിച്ചത്. കേരളത്തിൽ നിന്ന് ലക്ഷദ്വീപിലേക്ക്, പ്രത്യേകിച്ച് മിനിക്കോയിലേക്ക് പറക്കാൻ കെൽപുള്ള ഡ്രോണുകളുടെ വികസനമായിരുന്നു ലക്ഷ്യമിട്ടുള്ളതാണിത്. ഫിക്കിയുടെ സഹകരണത്തോടെ ഡ്രോണുകളുടെ പ്രദർശനവും പരിപാടിയില്‍ സംഘടിപ്പിച്ചു.