ബെംഗളൂരുവിലെ ജിഗാനിയിൽ വൈ-ഫൈ കണക്ഷന്‍റെ പേര് 'പാകിസ്ഥാൻ സിന്ദാബാദ്' എന്നാക്കി. പ്രദേശത്ത് ദേശവിരുദ്ധ ശക്തികൾ പ്രവർത്തിക്കുന്നു എന്നാരോപിച്ച് ബജ്‌റംഗ്ദൾ ജിഗാനി പോലീസിൽ പരാതി നൽകി. ജിഗാനി കല്ലുബാലു സഹകരണ ബാങ്കിന്‍റേതാണ് വിവാദമായ വൈ–ഫൈ കണക്ഷന്‍ എന്നാണ് സൂചന.
ചൊവ്വാഴ്ച രാവിലെ ജിഗാനിയിലെ കല്ലുബാലു ഗ്രാമത്തിലാണ് സംഭവം. ഗോവര്‍ധന്‍ സിങ് എന്നയാള്‍ വൈ-ഫൈ സെര്‍ച്ച് ചെയ്യുന്നതിനിടെയാണ് വിവാദമായ കണക്ഷന്‍ കണ്ടത്. പ്രദേശത്തൊട്ടാകെ പൊലീസ് നടത്തിയ പരിശോധനയില്‍ സഹകരണ ബാങ്കിന്‍റേതാണ് കണക്ഷനെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സമീപത്തുള്ള ചില വീടുകളിലും പോലീസ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല
വൈ-ഫൈയുടെ പേര് കാണിക്കുന്ന വിഡിയോ പരാതിക്കാരൻ റെക്കോർഡു ചെയ്‌തിട്ടുണ്ട്. ഗോവര്‍ധന്‍ സിങിന്‍റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാങ്കിന്‍റെ വൈഫൈ നിലവില്‍ തകരാറിലാണ്. ഇത് പരിഹരിക്കാനായി ടെക്നീഷ്യന്‍ എത്തിയിരുന്നെങ്കിലും പേര് വിവാദമായതിന് പിന്നാലെ ഇയാളെ കാണാതായി. നിലവില്‍ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.