Image Credit: Mumbai Police

ശാസ്ത്രജ്ഞനെന്ന വ്യാജേന രാജ്യത്തെ തന്ത്രപ്രധാന ആണവ ഗവേഷണ കേന്ദ്രമായ ഭാഭ അറ്റോമിക് റിസർച്ച് സെന്‍ററില്‍ കടന്നുകയറിയ ആളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. അതീവ നിർണായക ആണവ വിവരങ്ങളും സുപ്രധാന കേന്ദ്രങ്ങളുടെ 14 മാപ്പുകളും പിടിയിലായ അക്തർ കുത്തുബുദ്ദീൻ ഹൊസൈനിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പല പേരുകളിലുള്ള വ്യാജ പാസ്പോർട്ടുകളും ആധാർ കാർഡുകളും പാൻകാർഡുകളും ഇയാളുടെ പക്കലുണ്ടായിരുന്നു. അലി റാസ ഹുസൈൻ എന്ന് ഒരു തിരിച്ചറിയൽ രേഖയിലും മറ്റൊന്നിൽ അലക്സാണ്ടർ പാമറെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

കുറച്ച് മാസങ്ങളായി ഒട്ടേറെ രാജ്യാന്തര ഫോൺ വിളികൾ അക്തർ നടത്തിയിട്ടുണ്ടെന്നും കോൾ റെക്കോർഡുകളടക്കം വീണ്ടെടുത്തുവരികയാണെന്നും പൊലീസ് അറിയിച്ചു. വിദേശത്തേക്ക് അക്തർ ആണവ വിവരങ്ങൾ കൈമാറിയോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്.

ശാസ്ത്രജ്ഞനെന്ന് സ്വയം വിളിക്കുന്ന അക്തറെ 2004 ൽ ദുബായിൽ നിന്നും നാടുകടത്തിയതാണ്. എന്നാൽ പിന്നീട് വ്യാജ പാസ്പോർട്ടുമായി പലവട്ടം ദുബായും ടെഹ്റാനും അക്തർ സന്ദർശിച്ചതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജംഷഡ്പുർ സ്വദേശിയായ അക്തർ ഹൊസൈനി 1996 ൽ ഇവിടെയുണ്ടായിരുന്ന കുടുംബ വീട് വിറ്റു. എന്നാൽ ഈ മേൽവിലാസം ഉപയോഗിച്ച് തിരിച്ചറിയൽ രേഖകളെല്ലാം കൈക്കലാക്കിയെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.

അക്തറിൻ്റെ സഹോദരനായ ആദിലാണ് വ്യാജരേഖകൾ ചമയ്ക്കുന്ന മുനസിൽ ഖാൻ എന്നയാളെ പരിചയപ്പെടുത്തിയതെന്നും ഇയാളാണ് ഇരുവർക്കും ഇല്ലാത്ത മേൽവിലാസത്തിൽ പാസ്പോർട്ട് എടുത്ത് നൽകിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. ഈ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇവർ യാത്ര നടത്തിയിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ആദിൽ അടുത്തയിടെ ഡൽഹി പൊലീസിന്‍റെ പിടിയിലായിരുന്നു. എന്നാൽ ആദിലിനെ കുറിച്ച് ചോദിച്ചപ്പോൾ ആദിൽ വർഷങ്ങൾക്ക് മുൻപ് മരിച്ചുവെന്നായിരുന്നു അക്തറിന്‍റെ വെളിപ്പെടുത്തൽ.

വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും പഴുതടച്ചുള്ള അന്വേഷണം നടക്കുന്നുവെന്നുമാണ് സംഭവത്തെ കുറിച്ച് മുംബൈ പൊലീസ് പ്രതികരിച്ചത്. ആണവ ഗവേഷണ കേന്ദ്രത്തിൽ എങ്ങനെയാണ് അക്തർ കയറിപ്പറ്റിയതെന്നും അവിടെ നിന്നും ആണവ വിവരങ്ങൾ എങ്ങനെ കൈക്കലാക്കിയെന്നതിലുമടക്കം അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Fake scientist arrested is the main focus. A fake scientist was arrested from the Bhabha Atomic Research Centre for allegedly possessing sensitive nuclear information.