ദീപാവലി ആഘോഷിക്കാന്‍ വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് 19കാരന് ദാരുണാന്ത്യം. ആറു കുടുംബാംഗങ്ങള്‍ക്ക് പരുക്കേറ്റു. പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സാമ്പത്തിക പരാധീനതയെ തുടര്‍ന്ന് പടക്കം വാങ്ങാനുള്ള പണം കൈവശമില്ലാതിരുന്നതോടെയാണ്  മന്‍പ്രീതും ലവ്​പ്രീത് സിങും പടക്കം വീട്ടില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. 

നിര്‍മാണത്തിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. മന്‍പ്രീത് തല്‍ക്ഷണം കൊല്ലപ്പെട്ടു. ലവ്‍പ്രീത് അതീവ ഗുരുതരാവസ്ഥയില്‍ അമൃത്​സറിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. കുടുംബാംഗങ്ങളായ മറ്റ് അഞ്ചുപേര്‍ക്ക് കൂടി സ്ഫോടനത്തില്‍ പരുക്കേറ്റു. ഇവരില്‍ ഒരാള്‍ക്ക് കാഴ്ചശക്തി പൂര്‍ണമായും നഷ്ടമായി. മറ്റൊരാളുടെ രണ്ടു കൈയും അറ്റു. മൂന്നാമന്‍റെ തോളെല്ലിനാണ് പരുക്ക്.

കൂടിയ അളവില്‍ പൊട്ടാഷ് പൊതിഞ്ഞ ശേഷം ഇരുമ്പ് പൈപ്പുമായി ബന്ധിപ്പിച്ചായിരുന്നു സ്ഫോടക വസ്തു ഇവര്‍ തയാറാക്കിയത്. സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ അയല്‍പക്കത്തെ വീടിന്‍റെ ജനാലച്ചില്ലുകള്‍ തകര്‍ന്നു. അനധികൃത വില്‍പനക്കാരനില്‍ നിന്നും പൊട്ടാസ്യവും സള്‍ഫറും വാങ്ങിയാണ് ഇവര്‍ പടക്ക നിര്‍മാണത്തിന് ശ്രമിച്ചതെന്ന് അയല്‍വാസി പൊലീസിനോട് വെളിപ്പെടുത്തി.

സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഇരുമ്പ് പൈപ്പിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചാണ് ഇവര്‍ നിര്‍മാണം നടത്തിയതെന്നും പൊട്ടിത്തെറിയുടെ കാരണം പക്ഷേ കൃത്യമായി കണ്ടെത്താനായിട്ടില്ലെന്നും വിശദമായ അന്വേഷണം  പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

Firecracker explosion leads to tragic death of 19-year-old. The incident occurred in Gurdaspur, Punjab, during Diwali celebrations, leaving several family members injured.