Image: X
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 25 ട്രാന്‍സ്ജന്‍ഡേഴ്സ് ഫിനൈല്‍ കുടിച്ച് കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച്ച രാത്രി നന്ദ്‌ലാൽപുര ദേരയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. ഇവരെ ഉടൻതന്നെ എം.വൈ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
മാധ്യമപ്രവര്‍ത്തകനെന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ ഒരു ട്രാന്‍സ്ജന്‍ഡറിനെ ബലാല്‍സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്തതിലായിരുന്നു പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ ആക്രമണത്തിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു. പക്ഷേ ട്രാന്‍സ്ജന്‍ഡേഴ്സ് പ്രതിഷേധം തുടര്‍ന്നു. എം വൈ ആശുപത്രിക്ക് സമീപമുള്ള സ്ഥലത്തുവച്ചാണ് ഇവര്‍ ഫിനൈല്‍ കുടിച്ചത്.
പിന്നാലെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ദേഹത്തേക്ക് ഉള്‍പ്പെടെ മണ്ണെണ്ണയൊഴിച്ചെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നന്ദ്‌ലാല്‍പുരയിലെ ട്രാന്‍സ്ജന്റര്‍ സമൂഹത്തിനിടെയില്‍ ഒരു സംഘര്‍ഷമുണ്ടായതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് ഇരുപത്തിയഞ്ചുപേര്‍ ഫ്ലോര്‍ ക്ലീനര്‍ കുടിച്ചതായി വിവരം ലഭിച്ചത്. എല്ലാവരേയും ആംബുലൻസുകളിലും പോലീസ് വാഹനങ്ങളിലും ആശുപത്രിയിലെത്തിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
അതേസമയം ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിലെ രണ്ടു വിഭാഗങ്ങളായ പായൽ ഗുരുവും സീമ ഗുരുവും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്‍റെ ഭാഗമാണീ സംഭവമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാധ്യമപ്രവര്‍ത്തകനെതിരായ ആരോപണത്തിനു പുറമേ മതപരിവര്‍ത്തന ആരോപണങ്ങളിലേക്കും വിഷയം വിരല്‍ ചൂണ്ടുന്നുണ്ട്. എന്നാല്‍ കൃത്യമായ കാരണം കണ്ടെത്തിയില്ലെന്നാണ് ഡിസിപി കൽദാഗി അറിയിക്കുന്നത് ഇതോടൊപ്പം ട്രാന്‍സ്ജന്റര്‍ സമൂഹം ഒരു മുറിയിൽ ഒരുമിച്ചിരുന്ന് ഫ്ലോർ ക്ലീനർ കഴിക്കുന്ന സിസിടിവി ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി.
സംഭവത്തെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം അതീവ ജാഗ്രതയിലാണ്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കലക്ടര്‍ ശിവം വര്‍മ്മ പറഞ്ഞു. ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. നൂറുകണക്കിന് പേർ നന്ദ്‌ലാൽപുരയിലും എം.വൈ. ആശുപത്രിയിലും തടിച്ചുകൂടി പ്രകടനങ്ങൾ നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും ഇവര്‍ ആക്രമിച്ചു.