80 കൊല്ലത്തിലേറെ പഴക്കമുളള തേക്കിന്‍റെ കസേരയിലിരുന്ന് നീലിഭൃംഗാതി എണ്ണ തേച്ചൊരു കിടിലന്‍ ഹെഡ് മസാജും ഹെയര്‍ കട്ടും വേണമെങ്കില്‍ നേരെ ചെന്നൈയിലുള്ള കേരള ഹെയര്‍ ഡ്രസേഴ്സിലേക്ക് പോകാം. വിഖ്യാത പോപ്പ് ഗായകന്‍ എഡ് ഷീരന്‍റെ വരെ ഹൃദയം കവര്‍ന്നിട്ടുണ്ട് സന്ദീപിന്‍റെ ഹെഡ് മസാജ്.
കാലത്തിനൊപ്പം കുതിച്ച് പായുന്ന ചെന്നൈ നഗരത്തിലെ പോണ്ടി ബസാറിലുള്ള കേരള ഹെയര്‍ ഡ്രസേഴ്സില്‍ എത്തിയാല്‍ ആര്‍ക്കും നൊസ്റ്റാള്‍ജിയ തോന്നും. പഴയ തേക്ക് കസേരയും ഫോണും തുടങ്ങി കണ്ടുമറന്ന പലതും ഇവിടെയുണ്ട്. 1983–ല്‍ തൃശൂര്‍ പുതുക്കാട് സ്വദേശി വി.ശങ്കുണ്ണി നായര്‍ ആരംഭിച്ചതാണ് കട. പുതിയ കാലത്തെ ഹെയര്‍ സ്റ്റൈലുകള്‍ പലതും അവതരിപ്പിച്ചെങ്കിലും കടയുടെ പഴമ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. ശങ്കുണ്ണി നായരുടെ പേരക്കുട്ടി എ.സന്ദീപാണ് കട നോക്കി നടത്തുന്നത്.
മുത്തച്ഛന്‍റേയും അച്ഛന്‍റേയും കാലത്ത് പ്രേം നസീര്‍ മുതല്‍ ഇന്നസന്‍റ് വരെയുളള സിനിമാതാരങ്ങള്‍ ഇവിടെയെത്തി മുടി മിനുക്കിയിട്ടുണ്ട്. സന്ദീപിന് മുന്നില്‍ അതിഥിയായി എത്തിയതാകട്ടെ സാക്ഷാല്‍ എഡ് ഷീരന്‍.
രാവിലെ ഏഴിനാണ് കട തുറക്കുക. മുടി വെട്ടാന്‍ മാത്രമല്ല നീലിഭൃംഗാതിയിട്ടുള്ള ഹെഡ് മസാജിന് മാത്രമായി ഇവിടെ എത്തുന്നവരും ഉണ്ട്. വിദേശത്ത് നിന്നുപോലും പലരും ഇവിടേക്കായി എത്തുന്നുണ്ട്.