പറന്നുയരാന്‍ ഒരുങ്ങവേ വിമാനത്തിന്‍റെ കാബിനില്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് വിമാനം മൂന്ന് മണിക്കൂറോളം വൈകി. കാന്‍പുറില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം.
140 യാത്രക്കാരുമായി ഇന്നലെ ഉച്ചയ്ക്ക് 2.55ന് പുറപ്പെടേണ്ടിയിരുന്നതായിരുന്നു വിമാനം. ഹാന്‍ഡ് ബാഗ് കാബിനില്‍ വയ്ക്കുന്നതിനിടെയാണ് യാത്രക്കാരില്‍ ഒരാള്‍ എലിയെ കണ്ടത്. ഉടന്‍ തന്നെ വിമാനത്തിലെ ജീവനക്കാരെ വിവരം അറിയിച്ചു. ഇതോടെ ബോര്‍ഡ് ചെയ്ത യാത്രക്കാരെയെല്ലാം സുരക്ഷിതമായി തിരിച്ചിറക്കി. തുടര്‍ന്ന് ഒന്നരമണിക്കൂറോളം നീണ്ട പരിശോധനയും നടത്തി. വൈകുന്നേരം 4.10ന് ഡല്‍ഹിയിലെത്തേണ്ടിയിരുന്ന വിമാനം ആറുമണിയോടെ കാന്‍പുറില്‍ നിന്ന് യാത്ര ആംഭിച്ച് 7.16ഓടെയാണ് ഡല്‍ഹിയില്‍ എത്തിയത്.
കഴിഞ്ഞയാഴ്ച മുംബൈയില്‍ നിന്ന് ഫുക്കറ്റിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണിയുണ്ടായതോടെ ചെന്നൈയിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു. വിമാനം ചെന്നൈയില്‍ ഇറങ്ങിയതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ഭീഷണി വ്യാജമെന്ന് സ്ഥിരീകരിച്ചു. ഫുക്കറ്റ് വിമാനത്താവളത്തില്‍ രാത്രി കര്‍ഫ്യു നിലവിലുള്ളതിനാല്‍ ഈ വിമാനം അന്നേ ദിവസം വൈകുന്നേരത്തേക്ക് പുനഃക്രമീകരിക്കുകയായിരുന്നു.