ഗുജറാത്തിലെ വഡോദരയിൽ തനിക്ക് ലഭിച്ച പാനിപൂരിയുടെ എണ്ണം കുറഞ്ഞുപോയതിന്‍റെ പേരില്‍ വഴിയോര കച്ചവടക്കാരനോട് വഴക്കിട്ട് നടുറോഡില്‍ അലറിക്കരഞ്ഞ് യുവതി. യുവതിയുടെ കരച്ചിലിന്‍റെ ഫലമായി ഗതാഗതവും തടസ്സപ്പെട്ടു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വഡോദരയിലെ സുർസാഗർ തടാകത്തിന് സമീപമാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. യുവതി പറയുന്നത് പ്രകാരം, 20 രൂപയ്ക്ക് ആറ് പാനിപൂരികള്‍ നല്‍കാമെന്ന് പറഞ്ഞ് നാലെണ്ണമാണ് കച്ചവടക്കാരന്‍ നല്‍കിയത്. പിന്നാലെ പ്രകോപിതയായ യുവതി റോഡില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. രണ്ട് പാനീപൂരികള്‍ കൂടി കിട്ടുന്നത് വരെ അനങ്ങില്ല എന്നായി യുവതി. പാനിപൂരി കച്ചവടക്കാരന്‍റെ വാഹനം ഇവിടെ നിന്ന് മാറ്റണമെന്നും യുവതിയുടെ ആവശ്യം. തുടര്‍ന്ന് റോഡിലെ വാഹനങ്ങളെല്ലാം യുവതിയുടെ ഇരുവശങ്ങളിലൂടെയാണ് കടന്നുപോയത്.
പിന്നാലെ ആളുകള്‍ ചുറ്റുംകൂടുകയും പലരും സംഭവം മൊബൈലില്‍ പകര്‍ത്താന്‍ ആരംഭിക്കുകയും ചെയ്തു. ഗതാഗതം തടസ്സപ്പെട്ടതോടെ തടസ്സം നീക്കാൻ പൊലീസെത്തി. പിന്നാലെ കച്ചവടക്കാര്‍ കൃത്യമായി കച്ചവടം നടത്തണമെന്ന് പറഞ്ഞുകൊണ്ട് യുവതി പൊലീസിനും ജനങ്ങള്‍ക്കും മുന്നില്‍ പൊട്ടിക്കരഞ്ഞു. ഒടുവിൽ, ഉദ്യോഗസ്ഥർ യുവതിയെ റോഡില്‍ നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. എന്നാല്‍ യുവതി ആവശ്യപ്പെട്ട പ്രകാരം ഇവര്‍ക്ക് രണ്ട് പാനിപൂരികള്‍ കൂടി ലഭിച്ചോ എന്നതില്‍ വ്യക്തതയില്ല.
വിഡിയോക്ക് താഴെ കമന്‍റുമായി നെറ്റിസണ്‍സും എത്തിയിട്ടുണ്ട്. ഇതെന്ത് ഭ്രാന്താണെന്നും നാടകം കളിക്കുന്നതിന് ഒരു പരിധിയുണ്ടെന്നുമെല്ലാം കമന്‍റുകള്‍ എത്തിയപ്പോള്‍ ‘അവൾ ഒരു ഭക്ഷണപ്രിയയാണ്, ഒന്നും പറഞ്ഞിട്ട് കാര്യമില്ല’ എന്നാണ് ഉപയോക്താക്കളില്‍ ഒരാള്‍ കുറിച്ചത്. ഒരു ഉപയോക്താവ് എന്ന നിലയില്‍ അവരുടെ ആവശ്യം ന്യായമാണെന്ന് വാദിക്കുന്നവരുമുണ്ട്.