AI Image

AI Image

ഫാക്ടറിയിലെ ജോലിക്കിടെ ഹൈഡ്രോളിക് ലിഫ്റ്റ് തകര്‍ന്ന് തലയില്‍ വീണ് 19കാരന് ദാരുണാന്ത്യം. ബെംഗളൂരുവിലെ കേക്ക് ഫാക്ടറിയിലാണ് അപകടം. ഭൂപേന്ദ്ര ചൗധരിയെന്ന യുവാവാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. ജസ്റ്റ് ബേക്ക് ബിന്ദു റെസിപ്പീസ് എന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്. രണ്ട് മാസം മുന്‍പാണ് ഭൂപേന്ദ്ര കേക്ക് ഫാക്ടറിയില്‍ ജോലിക്കെത്തിയത്.

കേക്കുണ്ടാക്കാനുള്ള സാമഗ്രികള്‍ താഴെ നിന്നും രണ്ടാം നിലയിലേക്ക് എത്തിക്കാനാണ് ലിഫ്റ്റ് ഉപയോഗിച്ചുവന്നത്. പതിവുപോലെ കേക്ക് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്ന ഭൂപേന്ദ്രയുടെ തലയിലേക്ക് രണ്ടാം നിലയില്‍ നിന്നും ലിഫ്റ്റ് പെട്ടെന്ന് തകര്‍ന്ന് വീഴുകയായിരുന്നു. ലിഫ്റ്റിനടിയിലായിപ്പോയ ഭൂപേന്ദ്രയെ ഉടന്‍ തന്നെ മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചിരുന്നു. ലിഫ്റ്റ് ശക്തിയോടെ വന്ന് പതിച്ചതോടെ തലയോടടക്കം തകര്‍ന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 

സംഭവത്തില്‍ ഫാക്ടറി ഉടമ, ഹൈഡ്രോളിക് ലിഫ്റ്റ് ഓപറേറ്റര്‍, ഫാക്ടറി ഇന്‍ ചാര്‍ജ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായും അലക്ഷ്യമായും ജീവഹാനി വരത്തക്ക രീതിയിലുമാണ് ലിഫ്റ്റ് കൈകാര്യം ചെയ്തിരുന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഭൂപേന്ദ്രയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കുകള്‍ക്ക് കൈമാറി. 

ENGLISH SUMMARY:

Factory accident leads to tragic death in Bangalore. A 19-year-old worker was killed when a hydraulic lift collapsed at a cake factory; police have registered a case against the factory owner, lift operator, and in-charge.