‘മുമ്മയുടെ ദേഹത്തേക്ക് അച്ഛനും മുത്തശ്ശിയും എന്തോ ഒഴിച്ചു, ലൈറ്റര്‍ കത്തിച്ചു കൊന്നു’, നോയിഡയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് തീകൊളുത്തിക്കൊലപ്പെടുത്തിയ യുവതിയുടെ ആറുവയസുള്ള കുഞ്ഞുമകന്റെ മൊഴിയാണിത്, കുഞ്ഞിന്റെ മുന്‍പിലിട്ട് അമ്മയെ മര്‍ദിക്കുകയും തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്തു. തന്റെ മകളുടെ ഘാതകരെ അറസ്റ്റ് ചെയ്ത് ആ കുടുംബത്തെ ഇല്ലാതാക്കിയില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് മരിച്ച യുവതി ഗ്രേറ്റര്‍ നോയിഡ സ്വദേശിനി നിക്കിയുടെ പിതാവ് പറയുന്നു.

നിക്കിയുടെ ഭര്‍ത്താവും കുടുംബവും ആവശ്യപ്പെട്ടതെല്ലാം ഞങ്ങള്‍ കൊടുത്തു, ആദ്യം സ്കോര്‍പിയോ ചോദിച്ചു, കൊടുത്തു, പിന്നാലെ ബുള്ളറ്റ് ചോദിച്ചു, അതും വാങ്ങിക്കൊടുത്തു, എന്നിട്ടും അവരെന്റെ മകളെ കൊന്നുവെന്നും പിതാവ് ഇന്ത്യ ടുഡേയോട് പറയുന്നു.‘അവർ എന്റെ മൂത്ത മകളെ കൊന്നു. പ്രതികളെ ഏറ്റുമുട്ടലിലൂടെ അറസ്റ്റ് ചെയ്യണം. ഇത് യോഗിജിയുടെ സർക്കാരാണ്. പ്രതികൾക്കെതിരെ ബുൾഡോസറുകൾ ഉപയോഗിക്കണം. അല്ലെങ്കിൽ ഞങ്ങൾ നിരാഹാര സമരം നടത്തും’ –പിതാവിന്റെ വാക്കുകളാണിത്. ഇതേ കുടുംബത്തിലേക്ക് തന്നെയാണ് നിക്കിയുടെ സഹോദരിയേയും വിവാഹം കഴിപ്പിച്ചയച്ചത്.

ഈ സഹോദരിയുടേയും നിക്കിയുടെ കുഞ്ഞുമകന്റേയും മുന്‍പില്‍വച്ചാണ് മുടി കുത്തിപ്പിടിച്ചും, പിടിച്ചുതള്ളിയും മര്‍ദിക്കുകയും തീകൊളുത്തുകയും ചെയ്തത്. ശരീരത്തില്‍ തീപടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം ഓടുന്ന നിക്കിയുടെ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ നിക്കിയുടെ ഭര്‍ത്താവും അമ്മായിയമ്മയും നിക്കിയെ ആക്രമിക്കുകയും മുടിക്ക് പിടിച്ചു വീടിന് പുറത്തേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് വ്യക്തമാണ്. തീയിട്ടതിന് ശേഷം നിക്കി മുടന്തി പടികൾ ഇറങ്ങുന്നതും മറ്റൊരു വിഡിയോക്ലിപ്പിൽ വ്യക്തമാണ്. 36 ലക്ഷം രൂപയുടെ സ്ത്രീധന ആവശ്യം നിറവേറ്റാത്തതുകൊണ്ടാണ് സഹോദരിയെ ഭർത്താവും ഭർതൃവീട്ടുകാരും കൊലപ്പെടുത്തിയതെന്ന് നിക്കിയുടെ മൂത്ത സഹോദരി കാഞ്ചൻ ആരോപിച്ചു.

ENGLISH SUMMARY:

Dowry death is a heinous crime that is prevalent in India. The recent case in Noida, where a woman was allegedly murdered by her husband and in-laws for dowry, highlights the urgent need to address this issue and ensure justice for victims.